കൊച്ചി: അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലും അന്വേഷണം നടക്കും. അവയവ റാക്കറ്റുമായി ആശുപത്രികള്‍ക്ക് ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുക. കഴിഞ്ഞ ഒക്ടോബര്‍ വടക്കേക്കര സ്വദേശിയായ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അവയവദാനം നടത്തിയിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ എറണാകുളത്തെ ഒരു ആശുപത്രിയില്‍നിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാര്‍ട്ട് ഫോണുകളും കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ഡോക്ടര്‍മാരുടെ അറിവോടെയാണോ അവരുടെ ഒപ്പം സീലും ഉപയോഗിച്ചതെന്നു പോലീസ് പരിശോധിക്കും. കേസിലെ മുഖ്യ സൂത്രധാരന്‍ കാസര്‍കോട് സ്വദേശിയായ നജീബിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. നജീബിനായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
അതേസമയം, വ്യാജ രേഖ ചമച്ച് അവയവദാനം നടത്തിയ കേസില്‍ ദമ്പതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയന് വീട്ടില്‍ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടന്‍ വീട്ടില്‍ സനോജ് എന്നിവരെയാണ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തത്.
ശ്രീജ, സുധീര്‍ എന്നിവരെ കൊല്ലം കിളിക്കല്ലൂര്‍ പോലീസ് സ്റ്റേഷനിലുമാണ് അറസ്റ്റ് ചെയ്തത്. അവയവ കച്ചവടത്തിന് ഉപയോഗിക്കാനായി എംഎല്‍എ, എംപി എന്നിവരുടെ വ്യാജ ലെറ്റര്‍ പാഡുകള്‍, വിവിധ മെഡിക്കല്‍ ലാബുകളുടെ വ്യാജ രേഖകള്‍, ഡോക്ടറുടെ പേരും സീലും ഒപ്പും, പോലീസിന്റെതെന്നു തോന്നിപ്പിക്കുന്ന ലെറ്ററുകളും കണ്ടെത്തി.
ഈ കേസിലാണ് സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ് എന്നിവര്‍ അറസ്റ്റിലായത്. കുന്നത്തുനാട് പോഞ്ഞാശേരി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ എച്ച്ഡി ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡില്‍ അവയവക്കച്ചവടം നടത്തുന്നതിനായി തയാറാക്കിയ വ്യാജ രേഖകള്‍, ബ്ലാങ്ക് ലെറ്റര്‍ പാഡുകള്‍, സീലുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ എന്നിവയും കണ്ടെടുത്തു. ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്.