ആലപ്പുഴ: രാജ്യത്തെ പ്രമുഖ പെയിന്റ് നിർമാണ കമ്പനികളുടെ വ്യാപാരി വിരുദ്ധ നയങ്ങളിലൂടെ കേരളത്തിലെ പെയിന്റ് വ്യാപാര മേഖലയെ തകർക്കരുതെന്ന് കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ഐ. നജാഹ്. ചെറുകിട പെയിന്റ് വിപണനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുകയും അനാരോഗ്യകരമായ വിപണന തന്ത്രങ്ങൾ രാജ്യത്തെ കോർപറേറ്റ് കമ്പനികൾ നടപ്പാക്കുന്നതുമൂലം സംസ്ഥാനത്തെ ഭൂരിഭാഗം പെയിന്റ് വ്യാപാരികളും കടുത്ത മാനസിക സമ്മർദത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണ്. വ്യാപാരികളുടെ ന്യായമായ അവകാശങ്ങൾ മാനേജ്മെന്റുകൾക്കു മുൻപാകെ പലതവണ അവതരിപ്പിച്ചിട്ടും തെറ്റുകൾ തിരുത്താതെ വ്യാപാരി വിരുദ്ധ നിലപാടുകൾ തുടരുന്നതിനാൽ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടുകയാണെന്നും കെ.ഐ. നജാഹ് പറഞ്ഞു.
എകെപിഡിഎ ജില്ലാ പ്രസിഡന്റ് എ. അമൽ അധ്യക്ഷത വഹിച്ച സമര പ്രഖ്യാപന കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.ഐ. നജാഹ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നിച്ചൻ കാഞ്ഞിരപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി ബി. നൈസാം, ട്രഷർ സജീവ് തോപ്പിൽ ഡി. തമ്പാൻ, ടോമിച്ചൻ കളങ്ങര, ക്ലമന്റ് തെങ്ങനാംകളം, ജെ.ജെ. സോബിൻ, ബെനഡിക്ട് എഴുനൂറ്റിൽ, നൈനാൻ തോമസ്, റഫീഖ്, ജയകൃഷ്ണൻ, നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
27ന് പെയിന്റ് വ്യാപാരികളുടെ അവകാശ സംരക്ഷണത്തിനായി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് നടത്തുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ ആലപ്പുഴ ജില്ലയിൽനിന്ന് 100 പ്രതിനിധികളെ പങ്കെടുപ്പിക്കാനും ചേർത്തല, ആലപ്പുഴ, കായംകുളം മേഖലാ കൺവൻഷനുകൾ നടത്താനും തീരുമാനിച്ചു. സമര പ്രഖ്യാപന കൺവെൻഷന് സിയാദ് ന്യൂ സ്റ്റാർ, പുഷ്പകേശൻ, ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.