കുമളി: പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് അവസരമൊരുക്കി സഹ്യജ്യോതി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്. ഇതിന്റെ ഭാഗമായി കോളജില്‍ ക്ലാസുകള്‍ ഉച്ചയ്ക്ക് 1.30വരെയായി പുനഃക്രമീകരിച്ചു. പാര്‍ട്ട് ടൈം ജോലി ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളേജ് മാനേജ്മെന്റുതന്നെ ഇതിന് അവസരം നല്കുന്ന പദ്ധതിക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്.
തേക്കടിയുടെ ടൂറിസം വ്യാപാര മേഖലയെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. റെജി വര്‍ഗീസ് നിര്‍വഹിച്ചു. ജോലി ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികളും ആരംഭിച്ചു. പാർട്ട് ടൈം ജോലിയും, അതിന്റെ ഗുണങ്ങളും എന്ന വിഷയത്തില്‍ കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി സാജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും പാര്‍ട്ട് ടൈം ജോലിയുടെ കോ-ഓര്‍ഡിനേറ്ററുമായ ജോബി പുല്ലാന്നിമണ്ണില്‍, കോളജ് അസി. മാനേജര്‍ ഫാ. തോമസ് പുതുപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ. ഏബ്രഹാം, ഷീന സാജു എന്നിവര്‍ പ്രസംഗിച്ചു.