പാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാട്ട് ചൂടിനെ പ്രതിരോധിക്കാൻ തണൽമരങ്ങൾ നടേണ്ടത് അത്യന്താപേക്ഷിതമായതിനാൽ കാര്യക്ഷമവും ഫലപ്രദവുമായ ഒരു ആക്ഷൻ പ്ലാനിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറിമാർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (സാമൂഹിക വനവൽത്കരണം), ജില്ലാതല ട്രീ കമ്മിറ്റി അംഗങ്ങൾ, പരിസ്ഥിതി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, സ്കൂൾ, കോളജ് തലങ്ങളിലെ എൻഎസ്എസ് സംഘാടകർ, ജനപ്രതിനിധികൾ എന്നിവരുടെ ഒരു സംയുക്തയോഗം ജില്ലാ കളക്ടർ വിളിച്ചുകൂട്ടണമെന്ന് കമ്മീഷൻ നിർദേശിച്ചു. യോഗത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്ത് ആക്ഷൻ പ്ലാനിന് ജില്ലാ തലത്തിൽ രൂപം നൽകണം.
ഏതെല്ലാം സ്ഥലങ്ങളിൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന് തീരുമാനിക്കണം. അവയുടെ പരിപാലനം ആരാണ് നടത്തേണ്ടതെന്നും തീരുമാനിക്കണം. മരങ്ങളുടെ പരിപാലനം ഉറപ്പാക്കാൻ ജില്ലാ തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകണം.
കമ്മിറ്റിക്ക് ആവശ്യമായ സാങ്കേതിക സഹായം ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം നൽകണം. ഫലവൃക്ഷ തൈകൾ നൽകാനുള്ള നടപടികളും ഇവർ സ്വീകരിക്കണം. മുന്പ് നടപ്പാക്കിയിരുന്ന വഴിയോരതണൽ പദ്ധതി പാലക്കാട് ജില്ലയിലെങ്കിലും പുനരാരംഭിക്കുന്നത് സാമൂഹിക വനവത്കരണ ഡിവിഷൻ പരിഗണിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആറാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. ജൂലൈ 22 ന് പാലക്കാട് നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടർക്ക് വേണ്ടി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പങ്കെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ചൂട് വർധിക്കുന്പോഴും വഴിയരികിലെ മരങ്ങളുടെ ശിഖരങ്ങൾ സുരക്ഷയുടെ പേരിൽ മുറിച്ചുമാറ്റുകയാണെന്നും അപകടസാധ്യതയില്ലാത്ത മരങ്ങൾ മുറിക്കുകയാണെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
2012 മുതൽ 2019 വരെ വഴിയോരതണൽ പദ്ധതി പ്രകാരം തൈകൾ നടാറുണ്ടായിരുന്നുവെന്നും പദ്ധതി ഇപ്പോൾ നിലവിലില്ലെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സർവേറ്റർ കമ്മീഷനെ അറിയിച്ചു.
അപകടാവസ്ഥയിലല്ലാത്ത മരങ്ങൾ മുറിക്കരുതെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പാലക്കാട് പുൽപ്പള്ളി പനയൂർ സ്വദേശി കെ. കെ. റിജു സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് നടപടി.