തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷൻ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവർത്തക പരാതി നൽകിയത്.
ഇടതുസഹയാത്രികനും മുൻ ഇടത് എംഎൽഎയുമാണ് പി.ടി.കുഞ്ഞുമുഹമ്മദ്. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ് പരാതിക്കാരി. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. തുടർന്ന് മുഖ്യമന്ത്രി പോലീസിന് പരാതി കൈമാറി.
പോലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന സ്ക്രീനിംഗിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പി.ടി.കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.