ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേരുന്നു. നേതൃത്വത്തെ അനുസരിക്കുമെന്ന് ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും പറയുന്നുണ്ടെങ്കിലും ഇരുപക്ഷത്തെയും എംഎൽഎമാർ അവകാശവാദം തുടരുകയാണ്. ഇരു വിഭാഗത്തെയും അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് ഉടൻ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
കർണാടക സന്ദർശനത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഒന്നിച്ചു സോണിയ ഗാന്ധിയിൽ നിന്നും അഭിപ്രായം തേടും. ഡിസംബർ ഒന്നിനു പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കും.
അതിനു മുമ്പ് പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയ സാഹചര്യത്തിലാണു ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറണമെന്ന ആവശ്യം ശക്തമായത്.