Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്നപ്പോൾ ബൂത്തുകളിൽ നീണ്ടനിര. ഉച്ചയ്ക്ക് മൂന്നരവരെയുള്ള കണക്കനുസരിച്ച് 68.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഡിയൻ ഗവ.എൽപി സ്കൂളിലെ പോളിംഗ് ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
കണ്ണൂർ കതിരൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തു. പാനൂർ ബ്ലോക്ക് പുല്ലാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.ലതികയ്ക്കുനേരെയാണ് ബൂത്തിനകത്ത് വച്ച് ആക്രമണമുണ്ടായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിൽ വച്ചായിരുന്നു സംഭവം.
ബൂത്തിനകത്തെത്തിയ ചിലർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ലതികയെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി.
Kerala
കോഴിക്കോട്: വോട്ടർമാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ വോട്ടർമാരുമായി വന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിയുകയായിരുന്നു.
രാവിലെ പത്തിനുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. വയലട മണിചേരി കാവുംപുറം മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ വോട്ടർമാരെ കൊണ്ടുപോകാൻ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തിൽ വോട്ടർമാരുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജൻ. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയമല്ലെന്ന് എങ്ങനെ പറയാൻ പറ്റും.
അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാണ്. അതിനാൽ അദ്ദേഹം പറയുന്നതാണ് യുഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം പോളിംഗ് 40.09 ശതമാനമായി. ഏറ്റവും കൂടുതൽ പോളിംഗ് മലപ്പുറത്തും (42.02 %) കുറവ് കണ്ണൂരിലുമാണ് (38.73%) രേഖപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗിൽ മികച്ച പ്രതികരണം. ഉച്ചയ്ക്കു ഒന്നു വരെയുള്ള കണക്കു പ്രകാരം 50.05 % പോളിംഗ് രേഖപ്പെടുത്തി. തൃശൂർ (49.44 %), മലപ്പുറം (52.62 %), വയനാട് (50.46%), കാസർഗോഡ് (49.52%), പാലക്കാട് (51.46 %), കോഴിക്കോട് (51.13%), കണ്ണൂർ (49.23%) പോളിംഗ് രേഖപ്പെടുത്തി.
ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടർന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. എടത്തിരുത്തി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിംഗ് തടസപ്പെട്ടത്. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.
246 പേരാണ് വോട്ട് ചെയ്തത്. എന്നാൽ മെഷീനിൽ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു.
Kerala
കോഴിക്കോട്: ഇടതു സർക്കാരിന് ഭരണ നേട്ടങ്ങൾ പറയാനാകാത്തതിനാലാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വർണക്കൊള്ളയ്ക്ക് സർക്കാർ കൂട്ടു നിൽക്കുകയാണ്.
യുഡിഎഫ് വലിയ വിജയ പ്രതീക്ഷയിലാണ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുത്തുണ്ടാകും. സ്വർണക്കൊള്ള പ്രതികൾക്ക് സിപിഎം സംരക്ഷണ കവചമൊരുക്കിയെന്നും വോട്ട് ചെയ്തശേഷം മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും വോട്ടിംഗ് ശതമാനം നാൽപ്പതിനോട് അടുക്കുകയാണ്.
Kerala
കണ്ണൂർ: വോട്ട് ചെയ്യാൻ എത്തിയയാൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. മോറാഴ സൗത്ത് എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സുധീഷ് കുമാർ (48) ആണ് മരിച്ചത്.
രാവിലെ 10.15ഓടെ മൊറാഴ സൗത്ത് എൽപി സ്കൂളിലെ ബൂത്തിലായിരുന്നു സംഭവം. സുധീഷ് വോട്ടു ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് ബൂത്തിലേക്ക് കടത്തി വിട്ടെങ്കിലും വോട്ടു ചെയ്യുന്നതിന് തൊട്ടു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി തൊഴിലാളിയാണ്. മൃതദേഹം പരിയാരം കണ്ണൂര് ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗിൽ മികച്ച പ്രതികരണം. പതിനൊന്നുവരെയുള്ള കണക്കു പ്രകാരം 32.02 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. തൃശൂർ (31.2 %), മലപ്പുറം (33.04 %), വയനാട് (31.35%), കാസർഗോഡ് (30.89%), പാലക്കാട് (32.17 %), കോഴിക്കോട് (31.5 %) കണ്ണൂർ (30.01%) പോളിംഗ് രേഖപ്പെടുത്തി.
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥിക്കുനേരെ ഒരു സംഘം ആളുകൾ കൈയേറ്റ ശ്രമം നടത്തി. പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയെങ്കിലും പോലീസ് ഇടപെട്ട് സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു.
മാണിയൂർ സെൻട്രൽ എൽപി സ്കൂളിൽ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ രാഹുലിനെ മയ്യിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് പോലീസ് എത്തി പൂട്ടിച്ചു.
ഇവിടെ സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടന്ന് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് പൂട്ടിച്ചത്.
Kerala
കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുൻ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മുൻ തൂക്കം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിനെക്കാൾ മികച്ച വിജയം നേടിയിരുന്നു. ഇത്തവണ അത് ആവർത്തിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഏഴു ജില്ലകളിലും യുഡിഎഫ് മുന്നേറ്റം നടത്തിയെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് മണിക്കൂറില് 20.27% പോളിംഗ് രേഖപ്പെടുത്തി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒമ്പതരെ വരെയുള്ള കണക്ക് പ്രകാരം 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ (16.61%), പാലക്കാട് (17.06), മലപ്പുറം (17.38), കോഴിക്കോട് (16.85), വയനാട് (16.67), കണ്ണൂർ (16.15), കാസർഗോഡ് (16.24) ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പുരോഗമിക്കുമ്പോഴും പലയിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി.
പാലക്കാട് നെല്ലായ പട്ടിശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിംഗ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു.
തളിപ്പറമ്പിൽ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കാഞ്ഞിരങ്ങാട്, മാവിച്ചേരി എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. കാസർഗോഡ് നഗരസഭ ഹൊന്നമൂല (വാർഡ് 24) യന്ത്രം പണിമുടക്കി.
പുതിയ മെഷിൻ വച്ച് 8.35നാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. ഏതാനും വോട്ടുകൾ ചെയ്ത ശേഷമായിരുന്നു തകരാർ. ഉദുമ പഞ്ചായത്ത് അംബികാ നഗർ സ്കൂളിലെ ബൂത്തിൽ യന്ത്രം മുടക്കിയതിനാൽ 8.46 നു വോട്ടു പുനരാരംഭിച്ചു. 6.30 മുതൽ വോട്ടർമാർ ക്യൂവിൽ ഉണ്ടായിരുന്നു.
Kerala
തൃശൂർ: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. തൃശൂർ വലക്കാവ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച ആക്രമണമുണ്ടായത്.
പരിക്കേറ്റ എട്ടു പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ രംഗത്തെത്തി.
അതേ സമയം തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Kerala
കാസർഗോഡ് : തദ്ദേശതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ എല്ഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാടൻ ബോംബ് കണ്ടെത്തി. കുബഡാജെ ജില്ലാ പഞ്ചായത്ത് എല്ഡിഎഫ് സ്ഥാനാർഥി കെ. പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്.
നായ കടിച്ച് ഒരു ബോംബ് പൊട്ടിയതോടെയാണ് വീടിനു സമീപത്ത് ബോംബുള്ള കാര്യം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.
ബോംബ് കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 71 ശതമാനം പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കേരളത്തിന്റെ പാതിയിൽ നടന്ന വോട്ടെടുപ്പിൽ മുൻ വർഷത്തെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ നാലു ശതമാനത്തോളം കുറവുണ്ടായി.
2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 75.95 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്തും 74.58 ശതമാനവും കുറവ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തുമാണ്.67.5 ശതമാനം. അന്തിമ കണക്കുകൾ വരുന്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം ഇനിയും വരുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
ജില്ലകളിലെ പോളിംഗ് ശതമാനം
തിരുവനന്തപുരം:67.4
കൊല്ലം: 70.36
പത്തനംതിട്ട: 66.78
ആലപ്പുഴ: 73.76
കോട്ടയം:70.94
ഇടുക്കി: 71.79
എറണാകുളം: 74.58
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ എറണാകുളം ജില്ലയിൽ മികച്ച പോളിംഗ്. ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള് പ്രകാരം എറണാകുളത്ത് 42.6 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
നടിയുമായി ബന്ധപ്പെട്ട കേസില് നടന് ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു. രാവിലെ അടൂരില് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള് എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില് നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര് പ്രകാശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ആലപ്പുഴയിലും (21.82%) കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (18.93%) രേഖപ്പെടുത്തിയത്.
കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നു.
മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഇടുക്കി മറയൂർ പഞ്ചായത്തിൽ 10-ാം വാർഡ് (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറി പോയി.
പകരം യൂണിറ്റ് സ്ഥാപിച്ചാണ് ഇവിടെ വോട്ടിംഗ് പുരോഗമിക്കുന്നത്. കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എട്ടുശതമാനവും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഏഴു ശതമാനവും എറണാകുളത്ത് 8.5 ശതമാനവും വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.
ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകൾ ചൊവ്വാഴ്ച വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആറു കഴിഞ്ഞും പോളിംഗ് പൂർത്തിയായില്ലെങ്കിൽ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തും. അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ തദ്ദേശതെരഞ്ഞെടുപ്പിനെ കാണുന്നത്.
വോട്ടെടുപ്പിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റും. വിതരണ കേന്ദ്രങ്ങൾ തന്നെയാണ് സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്.
ശനിയാഴ്ചയാണ് വോട്ടെണ്ണൽ. രണ്ടാംഘട്ട പോളിംഗ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കും.