ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമഭേദഗതി ബിൽ പരിഗണിക്കുന്നതു നീട്ടി കേന്ദ്രം. ബിൽ ഇന്ന് പരിഗണിക്കില്ലെന്ന് സഭയെ പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബിൽ ക്രൈസ്തവർക്ക് എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവച്ചു. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.
കടുത്ത വ്യവസ്ഥകൾ
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.