പ്രിസ്റ്റൺ: യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) സംഘടിപ്പിച്ച ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് വിതരണം ചെയ്യും.
നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടന്ന യുക്മ ദേശീയ കലാമേളയുടെ വേദിയിൽ വച്ചാണ് വിജയികളെ കണ്ടെത്തിയത്. മലയാള സിനിമ താരങ്ങളായ പ്രേമും സ്വാസികയും സെലിബ്രിറ്റി അതിഥികളായെത്തുന്ന ഈ ഫാഷൻ ഷോയുടെ ഗ്രാൻഡ് ഫിനാലെയാണ് ഈ ദിവസത്തെ ചടങ്ങുകളുടെ മുഖ്യ ആകർഷണം.
കമൽരാജ് മാണിക്കത്ത് സംവിധാനം ചെയ്ത് "തെരേസാസ് ലണ്ടൻ' പിന്തുണ നൽകുന്ന പരിപാടിയാണിത്. പതിനായിരം പൗണ്ട് സമ്മാനമുള്ള യുക്മ ഫോർച്യൂൺ ബംമ്പർ 2025 ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത് ഷെഫീൽഡിൽ നിന്നുള്ള പത്തനംതിട്ട സ്വദേശിയായ ഫെബിൻ ഫിലിപ്പാണ്.
ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ അംഗമാണ് ഇദ്ദേഹം. രണ്ടാം സമ്മാനമായ ഒരു പവൻ സ്വർണ്ണനാണയം (8gm 22k) ലിവർപൂൾ ലിമയിൽ നിന്നുള്ള വയനാട് സ്വദേശി ജോബി ദേവസ്യക്ക് ലഭിച്ചു.
മൂന്നാം സമ്മാനമായ അരപ്പവൻ സ്വർണത്തിന് (4gm 22k) വാട്ഫോർഡിൽ നിന്നുള്ള റാണി സഖറിയയും കറുകുറ്റി സ്വദേശിയും ഐൽസ്ബറി മലയാളി സമാജം അംഗവുമായ സേവി വർഗീസും അർഹരായി.
കൂടാതെ, രണ്ട് ഗ്രാം സ്വർണനാണയങ്ങൾ ഉൾപ്പെടുന്ന നാലാം സമ്മാനത്തിന് ഏഴ് റീജിയണുകളിൽ നിന്നും കോമൺ വിഭാഗത്തിൽ നിന്നും ഉൾപ്പെടെ എട്ട് പേരെയാണ് തെരഞ്ഞെടുത്തത്.
നീന കെ. ജോസ് (വെയിൽസ്), സരിത ജോബൻ (സൗത്ത് വെസ്റ്റ്), ഷിബു മാണി (ഈസ്റ്റ് ആംഗ്ളിയ), രഘു എൻ. കേശവൻ (സൗത്ത് ഈസ്റ്റ്), വി.ആർ. മഹേഷ് (കോമൺ), കലാമണ്ഡലം രാജേഷ് (ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ്), സുജിത് സുദർശനൻ (നോർത്ത് വെസ്റ്റ്), ബിൻസി കെ. ഫിലിപ്പ് (യോർക്ക്ഷയർ ആൻഡ് ഹംബർ) എന്നിവരാണ് നാലാം സമ്മാനത്തിന് അർഹരായവർ.
യുക്മ "ശ്രേഷ്ഠ മലയാളി യുകെ 2025' അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാരദാനം, കേരളപൂരം 2025 വള്ളംകളി വിജയികൾക്കുള്ള ആദരം, പതിനാറാമത് യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവരെ ആദരിക്കൽ എന്നിവയുൾപ്പെടെയുള്ള പരിപാടികളും സമ്മാന വിതരണത്തോടൊപ്പം നടക്കും.
ഈ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് എന്നിവർ അറിയിച്ചു.
വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
കുര്യൻ ജോർജ്