മുക്കം: മുക്കം ടൗണിലെ വ്യാപാരികൾക്കും പരിസര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്കും ആശ്രയമായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ച് വർഷങ്ങളായങ്കിലും പുനരാരംഭിക്കാൻ നടപടിയായില്ല.
കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ പിസി ജംഗ്ഷനില് പുതിയ സാങ്കേതിക വിദ്യയോടെ പൈപ്പുകൾ സ്ഥാപിച്ച് പദ്ധതി പുനരാരംഭിക്കാൻ ഒന്നര മാസം മുമ്പ് സ്വീകരിച്ച നടപടി ആദ്യം പരാജയപ്പെടുകയും പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തങ്കിലും കുടിവെള്ള വിതരണം ഇനിയും പുനരാരംഭിക്കാനായില്ല.
അതിനിടെ മുക്കം ടൗൺ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും പൊട്ടിയ പൈപ്പുകളും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. സൗന്ദര്യവൽക്കരണ പ്രവൃത്തി ഏകദേശം പൂർത്തിയായതോടെ ഇനി പുതിയ പൈപ്പ് സ്ഥാപിക്കലും വലിയ പ്രയാസമായി മാറും.
യാതൊരു വിധ ആസൂത്രണവുമില്ലാതെ പ്രവൃത്തി നടത്തുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. കുടിവെളളം വിതരണം ചെയ്യുന്ന പൈപ്പ് രണ്ടര വർഷം മുമ്പ് പൊട്ടിയതോടെയാണ് നഗരത്തിലെ ശുദ്ധജല വിതരണം പൂർണ്ണമായും നിലച്ചത്. ഇതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്ക് പുറമേ ഗാർഹിക ഉപഭോക്താക്കളും ജല അതോറിറ്റിയുടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു.
പി.സി ജംഗ്ഷൻ മുതൽ ആലിൻ ചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണ് തടസപ്പെട്ടിരുന്നത്. കാലപ്പഴക്കം ചെന്നതും വ്യാസം കുറവായതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏക പരിഹാരം.
മുക്കം ടൗൺ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ സാധിക്കാതെയായി. റിസ്റ്റൊറേഷൻ ചാർജായും സെക്യൂരിറ്റി ഡിപ്പോസിറ്റായും മൂന്ന് ലക്ഷത്തോളം രൂപയാണ് പിഡബ്ല്യുഡി ചോദിച്ചിരുന്നത്.
തുടർന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തുകയും ഫെൽഫെയർ പാർട്ടി ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ കഴിഞ്ഞ ഭരണ സമിതിയിലെ ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ ജല അതോറിറ്റി എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണും നടത്തിയിരുന്നു.
എന്നിട്ടും അധികൃതർ കണ്ണ് തുറന്നില്ല. ഇതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. തുടർന്ന്, കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ അധികൃതർ തുടർനടപടി സ്വീകരിച്ചങ്കിലും അതും പരാജയപ്പെട്ടതോടെ ഇനി എന്ത് എന്നാണ് വ്യാപാരികൾ ഉൾപ്പെടെ ചോദിക്കുന്നത്.