ചെറുപുഴ: കാട്ടാനകൾ തകർത്തും കാടുകൾ വളർന്നും തകർന്ന സോളാർ വേലികൾ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമാക്കി. ചെറുപുഴ പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽപ്പെട്ട മീന്തുള്ളി അമ്പിളിപ്പാലം ഭാഗത്തെ ഒരു കിലോമീറ്ററോളം ഭാഗത്തെ സോളാർ വേലിയാണ് നാട്ടുകാരുടേയും പഞ്ചായത്തംഗം വിജി കെ.ജോൺ, ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ താത്കാലികമായി പ്രവർത്തനക്ഷമമാക്കിയത്.
കർണാടക ഫോറസ്റ്റിൽ നിന്നുമാണ് സോളാർ വേലിയും കടന്ന് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പട്ട് പ്രദേശവാസികൾ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു.
എനർജൈസർ ഉൾപ്പെടെയുള്ള സംവിധാധനങ്ങൾ തകരാറിലായിരുന്നു. സോളാർ വേലിയിൽ മൂടിക്കിടന്ന കാടുകൾ വെട്ടിമാറ്റിയും എനർജൈസറിന് പകരം താത്കാലിക സംവിധാനമൊരുക്കിയുമാണ് സോളാർ വേലി താത്കാലികമായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. പുതിയ എനർജൈസർ സ്വന്തം നിലയിൽ വാങ്ങുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
പഞ്ചായത്തംഗം വിജി കെ.ജോൺ, തങ്കച്ചൻ കണിയാംപറമ്പിൽ, തോമസുകുട്ടി തവരക്കാട്ട്, സനൽ പടിയാനിക്കൽ, ജോസ് ആനകുത്തിയിൽ, എൻ.വി. കൃഷ്ണൻ, കെ.എസ്. മാത്യു, കുഞ്ഞികൃഷ്ണൻ, ടോമി പുത്തൻപുര, അജയൻ മണ്ണുതറപ്പേൽ, ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ ജിജേഷ്, സൗമ്യ, രജനീഷ്, ശ്രീകുമാർ, സാജൻ, സാബു എന്നിവർ നേതൃത്വം നൽകി.