മഞ്ചേരി: പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയ ശേഷം സാന്പത്തിക തകർച്ച നേരിടുന്ന സ്വകാര്യബസ് വ്യവസായത്തെ സർക്കാർ സംരക്ഷിക്കുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ.
രണ്ടാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ബസ് വ്യവസായം നിലനിർത്താനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കണ്വൻഷൻ മഞ്ചേരിയിൽ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി കെഎസ്ആർടിസിയിലേത് പോലെ സ്വകാര്യബസുകൾക്കും സീറോ ടിക്കറ്റ് നിരക്കിന് തുല്യമായ തുക സർക്കാർ നൽകുകയോ സ്വകാര്യ ബസുകൾ വാടകയ്ക്ക് സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണമെന്ന് കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് രണ്ടും നടപ്പാക്കാൻ തയാറായില്ലെങ്കിൽ ബസുകൾക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകിയും റോഡ് ടാക്സ് പൂർണമായി ഒഴിവാക്കിയും വ്യവസായത്തെ സംരക്ഷിക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സ്വകാര്യ ബസുകൾ നിരത്തൊഴിയാൻ നിർബന്ധിതമാകുമെന്നും കണ്വൻഷൻ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് മുഹമ്മദലിഹാജി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ്് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. എം. റഹ്മത്തുള്ള എംഎൽഎ മുഖ്യാതിഥിയായിരുന്നു.
മുനിസിപ്പൽ ചെയർമാൻ വല്ലാഞ്ചിറ മജീദ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്് രാധാകൃഷ്ണൻ, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ശരണ്യ മനോജ്, എം.എസ്. പ്രേംകുമാർ, പാലമുറ്റത്ത് വിജയ് കുമാർ, കെ. സത്യൻ, ജില്ലാ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, ജില്ലാ ഭാരവാഹികളായ കിസാൻ മാനു, പാസ് മാനു, ബ്രൈറ്റ് നാണിഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്് കെ.ടി. വാസുദേവൻ, തൃശൂർ ജില്ലാ സെക്രട്ടറി സേതുരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.