2024-ൽ പുഷ്പ 2 വിന്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ശ്രീതേജ് എന്ന പത്തുവയസുകാരന്റെ വീട്ടിൽ സന്ദർശനം നടത്തി അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയും കുടുംബാംഗങ്ങളും.
കഴിഞ്ഞ രണ്ടു വർഷമായി അല്ലു അർജുനാണ് ഈ കുടുംബത്തിലെ ചിലവുകളെല്ലാം വഹിക്കുന്നത്. ഇവരുടെ ക്ഷേമം അന്വേഷിക്കാനായാണ് അല്ലുവിന്റെ ഭാര്യ സ്നേഹ എത്തിയത്. സ്നേഹയ്ക്കൊപ്പം അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദും ഉണ്ടായിരുന്നു.
2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന പുഷ്പ 2 പ്രിമിയറിനിടെയാണ് വൻ ദുരന്തം സംഭവിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും കുട്ടിയുടെ അമ്മയുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷം അബോധാവസ്ഥയിലായ ശ്രീതേജ് ദീർഘകാലം വെന്റിലേറ്ററിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നാഡീസംബന്ധമായ സങ്കീർണതകളും ആരോഗ്യത്തെ മോശമായി ബാധിച്ചു.
അഞ്ച് മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശ്രീതേജിനെ 2025 ഏപ്രിലിലാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. നിലവിൽ രാംഗോപാൽപേട്ടിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ നാഡീസംബന്ധമായ ചികിത്സകൾ തുടർന്നു വരികയാണ്.
മകന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നും, അവൻ തങ്ങളെ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുകയാണെന്നും ശ്രീതേജിന്റെ പിതാവ് മൊഗദാംപള്ളി ഭാസ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനുമുള്ള പ്രത്യേക തെറാപ്പികൾ ശ്രീതേജിന് നൽകി വരികയാണ്.
ശ്രീതേജിന്റെ ഇളയ സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകൾ അല്ലു അരവിന്ദ് ഏറ്റെടുത്തിട്ടുണ്ട്. അപകടം നടന്ന സമയം മുതൽ ശ്രീതേജിന്റെ ചികിത്സാ ചെലവുകൾക്കായി അല്ലു കുടുംബവും പുഷ്പയുടെ നിർമാണ കമ്പനിയായ മൈത്രി ഫിലിംസും സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. ഈ പിന്തുണ ഇനിയും തുടരുമെന്ന് അവർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
കുട്ടിയുടെ ചികിത്സാച്ചെലവുകൾ സ്പോൺസർ ചെയ്ത അല്ലുവും കുടുംബവും കുട്ടിയുടെ പേരിൽ ഒരു സ്ഥിര നിക്ഷേപം നടത്തുകയും ചെയ്തു. ശ്രീ തേജിന്റെ പേരിൽ 2 കോടി രൂപയുടെ സ്ഥിര നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ നിന്ന് പ്രതിമാസം 1.5 ലക്ഷം രൂപ പലിശ ലഭിക്കും. സംഭവം നടന്ന് ആദ്യ ദിവസം മുതൽ തന്നെ കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ട്. ശ്രീ തേജിന്റെ ചികിത്സയ്ക്ക് പ്രതിമാസം ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചെലവാകുമെന്നും, അതിന്റെ മുഴുവൻ ചെലവും അല്ലു അർജുൻ ആണ് വഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.