മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ ക്വാർട്ടർ ഫൈനലിന്റെ ലൈനപ്പ് പുറത്തുവിട്ടു. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശകരമായ പോരാട്ടങ്ങൾ 12,13 തീയതികളിൽ ബംഗളൂരുവിൽ നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി.
എല്ലാ മത്സരങ്ങളും രാവിലെ ഒമ്പതിന് ആരംഭിക്കും. മധ്യപ്രദേശ്, സൗരാഷ്ട്ര, കർണാടക, മുംബൈ, ഡൽഹി, വിദർഭ, ഉത്തർപ്രദേശ്, പഞ്ചാബ് ടീമുകളാണ് അവസാന എട്ടിലെത്തിയത്. 12ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ കർണാടകയും മുംബൈയും രണ്ടാം ക്വാർട്ടറിൽ ഉത്തർപ്രദേശും സൗരാഷ്ട്രയും ഏറ്റുമുട്ടും.
13ന് നടത്തുന്ന മൂന്നാം ക്വാർട്ടറിൽ പഞ്ചാബ് മധ്യപ്രദേശിനെയും നാലാം മത്സരത്തിൽ ഡൽഹി വിദർഭയേയും നേരിടും. 15,16 തീയതികളിൽ സെമിഫൈനലും 18ന് ഫൈനലും ബംഗളൂരുവിൽ തന്നെ നടത്തും.