പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്.ബൈജുവിനെ റിമാൻഡ് ചെയ്തു. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് ബൈജു. 2019 ൽ സ്വർണപ്പാളികൾ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണറായിരുന്നു ബൈജു.
ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കേസിൽ ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി.