Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്.
എസ്ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണ്. ഈക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അടക്കമുള്ളവർ എസ്ഐടുക്കു മൊഴി നൽകിയിരുന്നു.
അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് തന്ത്രിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് അടുത്ത മാസം 12വരെ ഇയാളെ റിമാൻഡു ചെയ്തത്.
ബോർഡിന് നഷ്ടമുണ്ടാകും വിധം പ്രതികളെ സഹായിക്കാൻ രേഖകളിൽ കൃത്രിമം നടത്തി എന്നതക്കടമുള്ള കുറ്റമാണ് വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ 31 ന് പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു വിജയകുമാർ.
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗങ്ങളാണ് എൻ.വിജയകുമാറും കെ.പി. ശങ്കര്‍ദാസും. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാത്തത് ഹൈക്കോടതി വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്.
വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങളില്ലെന്നും വാദിച്ചു. എന്നാൽ പേരുവിവരങ്ങൾ ഇല്ലെങ്കിലും അതിജീവിതയെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്ന് കോടതി രാഹുലിനെ റിമാൻഡു ചെയ്യുകയായിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ഇയാളെ വീണ്ടും റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബൈജുവിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ കെ.എസ്.ബൈജുവിനെ വൈകുന്നേരം നാലുവരെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളുടെ കേസിലാണ് നടപടി. സ്വർണക്കൊള്ളയിൽ കെ.എസ്.ബൈജു ഏഴാം പ്രതിയാണ്. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിടുമ്പോഴും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ.
സ്വർണപ്പാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ കെ.എസ്. ബൈജു സ്ഥലത്ത് ഉണ്ടായിരുന്നില്ല. പാളികള്‍ കൈമാറുമ്പോൾ തൂക്കം ഉൾപ്പടെ രേഖപ്പെടുത്തേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ സമയത്തെ അസാന്നിധ്യം അടക്കം ഗൂഢാലോചനയ്ക്ക് തെളിവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്ഐടി കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
റിമാൻഡു ചെയ്ത പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടു പോയി. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചോദ്യം ചെയ്യലിൽ എ. പത്മകുമാർ ആവർത്തിച്ചു.
പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ ആണെന്നും പത്മകുമാർ മൊഴി നൽകി. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എൻ.വാസുവിനെ റിമാൻഡു ചെയ്തു. 24വരെയാണ് റിമാൻഡു ചെയ്തത്. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് വാസു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ വാസു 2019 മാർച്ച് 19ന് നിർദേശം നൽകിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
ഈ സമയത്ത് വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍. വാസുവിന് അറിയാമായിരുന്നുവെന്ന് സുധീഷ് കുമാര്‍ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വൈകുന്നേരം 7.10 ഓടെയാണ് എൻ.വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണ മോഷണം അടക്കമുള്ള കുറ്റങ്ങൾ എൻ.വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്. വാസു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്.ബൈജുവിനെ റിമാൻഡ് ചെയ്തു. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് ബൈജു. 2019 ൽ സ്വർണപ്പാളികൾ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണറായിരുന്നു ബൈജു.
ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കേസിൽ ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി.