ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാ സിംഗ് ഉടൻ ജയിൽമോചിതനായേക്കുമെന്ന വാർത്തകളാണ് ആ ക്രൂരമായ സംഭവത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്.
പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽമോചന ശിപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്.
1999 ജനുവരി 23നായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത. ഒഡീഷയിൽ ആദിവാസി ജില്ലയായ കിയോഞ്ചാറിലെ മനോഹരപുര ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവർ ഉറങ്ങിക്കിടന്നിരുന്ന വാനിനു തീയിട്ടാണ് ധാരാ സിംഗിന്റെ നേത്യത്വത്തിലുള്ള അക്രമിസംഘം അവരെ ദാരുണമായി കൊലപ്പെടുത്തിയത്.
നിലവിൽ ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.
സംഭവം നടന്നതിനു തൊട്ടുപിന്നാലെ ദീപികയുടെ മുഖപ്രസംഗം (1999 ജനുവരി 26, ചൊവ്വ): "ഇതോ മഹത്തായ റിപ്പബ്ലിക്?'ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രാജ്യത്തിന്റെ മതേതരത്വത്തിന് നേരെ ഉയർന്ന ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്തത്.
നാല്പത്തൊമ്പതു വർഷംമുമ്പ് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ തലയുയർത്തിനിന്നു സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഇന്ത്യയെവിടെ? മതവിദ്വേഷംമൂത്ത് സഹോദരങ്ങളെ ചുട്ടുകൊല്ലാൻ മടിക്കാത്ത കാപാലികരുള്ള ഇന്നത്തെ ഇന്ത്യൻ സമൂഹമെവിടെ? നാമിന്നു മാനംകെട്ടവരാണ്. ലോകത്തിനുമുമ്പിൽ പരിഹാസ്യരായ ജനത.
നിസഹായരെ ചുട്ടെരിച്ചു കിരാതയുഗത്തിലേക്കാണോ ഇന്ത്യയുടെ മടക്കയാത്ര? റിപ്പബ്ലിക്കിന്റെ അമ്പതാമാണ്ടിൽ ആഘോഷങ്ങൾക്കൊരുങ്ങേണ്ട നാം ഒറീസയിൽ അതിനിഷ്ഠുരമായി കൊല്ലപ്പെട്ടവരുടെ ചുടലയ്ക്കുചുറ്റും ആനന്ദനൃത്തമാടാൻ മടിക്കാത്ത നരഭോജികളായി അധഃപതിക്കുകയാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.