മുക്കം: മുക്കം- മാമ്പറ്റ ബൈപാസിൽ വാട്ടർ അഥോറിറ്റിയുടെ പൊട്ടിയ പൈപ്പ് മാറ്റാനായി റോഡ് വീണ്ടും കുത്തിപ്പൊളിച്ചു. കോടികൾ മുടക്കി നവീകരിക്കുന്ന റോഡ് ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായ ശേഷമാണ് ദിവസങ്ങൾക്കുള്ളിൽ രണ്ടാം വട്ടവും കുത്തിപ്പൊളിച്ചത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തി.
കഴിഞ്ഞ ആഴ്ച റോഡിന്റെ മധ്യഭാഗം കുത്തിപൊളിച്ച് പൊട്ടിയ പൈപ്പ് മാറ്റിയതിന്റെ നൂറ് മീറ്റർ മാറിയാണ് ഇന്നലെ റോഡ് കുത്തിപൊളിച്ചത്. ഇത്തരത്തിൽ എടുക്കുന്ന കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. റോഡിന് അടിയിലൂടെ പോവുന്ന വാട്ടർ അഥോറിറ്റിയുടെ വർഷങ്ങൾ പഴക്കമുള്ള സിമന്റ് പൈപ്പുകളാണ് സ്ഥിരമായി പൊട്ടുന്നത്. രണ്ട് വർഷം മുൻപ് റോഡിന്റെ പ്രവർത്തി ആരംഭിച്ച സമയത്ത് തന്നെ പഴകിയ പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇടാൻ നാട്ടുകാർ പറഞ്ഞിരുന്നതാണ്.
എന്നാൽ ഇതൊന്നും മുഖവിലകെടുക്കാതെ ഉദ്യോഗസ്ഥരും കരാറുകാരനും റോഡ് പ്രവർത്തി നടത്തുകയും ആദ്യഘട്ട ടാറിംഗ് നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ സ്ഥിരമായി പൈപ്പ് പൊട്ടുകയും റോഡ് പൊളിക്കേണ്ട അവസ്ഥയുമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച റോഡ് പ്രവർത്തി ഇനിയും പൂർത്തീകരിച്ചിട്ടില്ല.
അശാസ്ത്രീയമായി നിർമാണം നടക്കുന്ന റോഡിൽ എട്ട് മീറ്ററോളം വീതിയുണ്ടായിട്ടും വിവിധ ഭാഗങ്ങളിൽ സർവേ പ്രകാരം കണ്ടെത്തിയ സ്ഥലം തിരിച്ചു പിടിക്കാതെയാണ് റോഡ് പ്രവർത്തി നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇത്രയും ദൂരം പൈപ്പ് മാറ്റാൻ വാട്ടർ അഥോറിറ്റിയുടെ കയ്യിൽ പണമില്ലെന്നാണ് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.