കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധനാ വേളയില്‍ വരണാധികാരിയുടെ ഓഫീസില്‍ നാടകീയ രംഗങ്ങള്‍.
നാമനിര്‍ദേശ പത്രിക അംഗീകരിച്ചതിന്റെ ഔദ്യോഗിക രസീതുമായി അജിത്പവാര്‍ വിഭാഗം പ്രതിനിധി വരണാധികാരിയുടെ ഓഫീസില്‍നിന്ന് ഇറങ്ങി ഓടിപ്പോയി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സിറ്റിംഗ് എംഎല്‍എ എ.കെ. ശശീന്ദ്രന് ഭീഷണിയുയര്‍ത്തി ഇത്തവണ എന്‍സിപി അജിത്പവാര്‍ വിഭാഗത്തെ അനുകൂലിക്കുന്ന പി.കെ. ശശീന്ദ്രന് എന്നയാള്‍ പത്രിക നല്‍കിയിരുന്നു. ആദ്യം പി.കെ. ശശീന്ദ്രന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയ്ക്കുശേഷം വരണാധികാരി അംഗീകരിച്ചത്. കഴിഞ്ഞ പ്രാവശ്യം ക്ലോക്ക് ചിഹ്നത്തില്‍ എ.കെ. ശശീന്ദ്രനാണ് ജനവിധി തേടിയത്.
ഇത്തവണ ആ ചിഹ്നം അജിത്പവാര്‍ വിഭാഗത്തിനാണ് ലഭിച്ചത്. കുഴലൂതുന്ന മനുഷ്യനാണ് എ.കെ. ശശീന്ദ്രന്റെ ചിഹ്നം. അജിത്പവാര്‍ വിഭാഗത്തിന്റെ ചിഹ്നവും സ്ഥാനാര്‍ഥിത്വവും കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് കണ്ട് പി.കെ. ശശീന്ദ്രന്റെ പത്രിക അംഗീകരിക്കുന്നതില്‍ എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ വരണാധികാരി ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചു.
ഈ സമയം അജിത്പവാര്‍ വിഭാഗം പ്രതിനിധി, വരണാധികാരി തയാറാക്കി വച്ച രസീതുമായി കടന്നുകളയുകയായിരുന്നു. എ.കെ. ശശീന്ദ്രന് വിഭാഗത്തിന്റെ എതിര്‍പ്പു മൂലം പി.കെ. ശശീന്ദ്രന്റെ പത്രിക തള്ളിയാല്‍ രസീതുമായി കോടതിയെ സമീപിക്കാനാണ് അജ്ഞാതന്‍ രസീതുമായി കടന്നുകളഞ്ഞത്.