കൊച്ചി: നഴ്സിന്റെ കൈയിലെ ചുവന്ന ടവ്വലിൽ നിഷ്കളങ്കമായ പുഞ്ചിരിയോടെ കിടന്നുറങ്ങുന്ന അവന്റെ കുഞ്ഞു മുഖത്തു നോക്കി ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. ഉല്ലാസ് മധു ഇങ്ങനെ വിളിച്ചു- കിയാൻ. രാജകീയപരിവേഷമുള്ളവൻ എന്നർഥം വരുന്ന അവന്റെ പുതിയ പേരു കേട്ട് ചുറ്റും കൂടിനിന്നവരുടെ മുഖത്തും സന്തോഷത്തിന്റെ നിറപുഞ്ചിരി.
ദേശീയപാത കുണ്ടന്നൂരിലെ വഴിയോരത്തെ തട്ടുകടയിൽ പാതിരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഔദ്യോഗികമായി ഏറ്റെടുത്തു. അവന് ഇനി പേര് കിയാൻ. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയ കുഞ്ഞിന്റെ തുടർന്നുള്ള സംരക്ഷണവും പരിചരണവും സ്പെഷൽ അഡോപ്ഷൻ ഏജൻസിയായ അങ്കമാലി എടക്കുന്നിൽ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ നേതൃത്വത്തിലുള്ള നസ്രത്ത് ശിശുഭവനിലാണ്.
കുണ്ടന്നൂരിലെ മാളിനു സമീപത്തെ അടഞ്ഞുകിടന്ന തട്ടുകടയില്‍ കഴിഞ്ഞ 28നു പുലര്‍ച്ചെ 12.30നാണ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞയുടൻ ജില്ലാ ശിശുക്ഷേമ സമിതിയും മരട് പോലീസും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്ന കുഞ്ഞ് നിലവിൽ പൂർണ ആരോഗ്യവാനാണെന്നു ഡോക്ടർമാർ അറിയിച്ചു.
ഒന്‍പതു ദിവസത്തെ ചികിത്സയും പരിചരണവും പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ കുഞ്ഞിനെ ഏറ്റെടുത്തു ശിശുഭവൻ അധികൃതർക്കു കൈമാറിയത്. ജില്ലാ സിഡബ്ല്യുസി ചെയർമാൻ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. കെ. ശ്രീലക്ഷ്മി, ജിൻസിമോൾ കുരിയൻ, വി.കെ. സന്ധ്യ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (ഡിസിപിയു) പ്രൊട്ടക്ഷൻ ഓഫീസർമാരായ ഷാനോ ജോസ്, സ്റ്റേസി മാഞ്ഞൂരാൻ, ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എൻ. സതീഷ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, ആർഎംഒ ഡോ. അമീറ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻസി തുടങ്ങിയവർ പങ്കെടുത്തു.
നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് സിഡബ്ല്യുസി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിനിയായ യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണു മരട് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പോലീസിനു പുറമേ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.