കട്ടപ്പന: നിരോധിത ലഹരി ഉത്പനങ്ങളുടെ വില്പനയും അനധികൃത വഴിയോരക്കച്ചവടങ്ങളും തടയണമെന്നാവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് നഗരസഭയ്ക്കു നിവേദനം നല്കി. നിയമപരമായ വിവിധ ലൈസന്‍സുകള്‍ക്കു പുറമേ വാടക, വൈദ്യുതിചാര്‍ജ്, ശമ്പളം, ജിഎസ്ടി തുടങ്ങിയവയെല്ലാം മുടക്കുന്ന വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. ഞായറാഴ്ചകളില്‍ കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും അതിഥിത്തൊഴിലാളികളുള്‍പ്പെടെ തുണിത്തരങ്ങളും മറ്റു സാധനങ്ങളും കച്ചവടം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഈ കച്ചവടങ്ങളുടെ മറവില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായും സംശയമുണ്ട്.
കൂടാതെ കട്ടപ്പന നഗരത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ലഹരി ഉപയോഗവും അതിനെത്തുടര്‍ന്നുള്ള അക്രമസംഭവങ്ങളും പതിവായിരിക്കുകയാണ്. കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ തമ്മിലും മറ്റുള്ളവരും അടിപിടികളും അസഭ്യവര്‍ഷവും മൂലം സാധാരണ ജനങ്ങള്‍ക്ക് നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ശക്തമായ പരിശോധനകളിലൂടെ നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും പരിപൂര്‍ണമായി അവസാനിപ്പിക്കണമെന്നും ഏതെങ്കിലും കച്ചവടക്കാര്‍ നിരോധിത വസ്തുക്കള്‍ വില്‍ക്കുന്നു എന്നു മനസിലായാല്‍ അത്തരക്കാരെ സംഘടനയില്‍നിന്ന് പുറത്താക്കുമെന്നും അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ. പി. ബഷീര്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വൈസ് പ്രസിഡന്റുമാരായ ടി. എം. ജോമോന്, ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ.ജെ. തോമസ്, രമണന് പടന്നയില്‍, അനില്‍ മോഡേണ്‍, പിആര്‍ഒ അനില്‍ പുനര്‍ജനി എന്നിവരും പങ്കെടുത്തു.