തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമെന്നു പറഞ്ഞാൽ പോരാ, ഭരണത്തോടും ഭരിച്ചവരോടുമുള്ള അതിതീവ്രമായ ജനരോഷമാണു തെരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രകടമായത്. യുഡിഎഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു കാട്ടുകയല്ല, എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനോടും രണ്ടാം പിണറായി സർക്കാരിനോടുമുള്ള ദേഷ്യം ജനം തികച്ചും രോഷത്തോടെ പ്രകടിപ്പിക്കുകയായിരുന്നു. കടക്ക് പുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രിയോടു ജനങ്ങളും പറഞ്ഞിരിക്കുന്നു: കടക്ക് പുറത്ത്.
മന്ത്രിമാർക്കെതിരേ പ്രതിഷേധം പ്രകടിപ്പിച്ച യുവാക്കളെ ചെടിച്ചട്ടി ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചതിന്റെ ദൃശ്യം കണ്ടു ജീവൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞ ഒരു മുഖ്യമന്ത്രിയെ ജനം ബാലറ്റിലൂടെ കൈകാര്യം ചെയ്തു. സമരങ്ങളെ പുച്ഛിക്കുകയും പ്രതിഷേധങ്ങളെ തല്ലിയൊതുക്കുകയും ചെയ്തത് സമരങ്ങളിലൂടെ വളർന്നുവന്ന ഇടതുപക്ഷത്തിന്റെ സർക്കാർ ആയിരുന്നു.
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ മുദ്രാവാക്യം മുഴക്കിയ ചെറുപ്പക്കാർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചേർത്തത്. അവർ മന്ത്രിയുടെ അടുത്തെങ്ങും എത്തിയില്ലെന്നു ജനങ്ങളെല്ലാം ടെലിവിഷൻ ദൃശ്യങ്ങളിലൂടെ കണ്ടു മനസിലാക്കി. പക്ഷേ ഭരണപക്ഷത്തെ നേതാക്കൾക്കു മാത്രം അതു മനസിലായില്ല. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ചെറുപ്പക്കാർ രണ്ടാഴ്ച ജയിലിൽ കിടന്നു. ആശ സമരത്തെ സർക്കാർ നേരിട്ടതെങ്ങനെയെന്നും ജനം കണ്ടു. ഇതിനെല്ലാം കണക്കു തീർത്തു ജനം കൊടുത്തു.
തെരഞ്ഞെടുപ്പിലേക്ക് അടുത്തപ്പോൾ സർക്കാരും എൽഡിഎഫും നടത്തിയ വന്പൻ പരസ്യപ്രചാരണം ജനത്തെ ആകർഷിക്കുകയല്ല, മറിച്ച് ഭരണപക്ഷത്തു നിന്ന് അകറ്റുകയാണു ചെയ്തത്. മറുവശത്ത് യുഡിഎഫ് ആകട്ടെ വിഭവശേഷിയിൽ പിന്നിലായിരുന്നു. എന്നിട്ടും അവർ വന്പൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്.
ഇടതരും കൈകൊടുത്തു
ചരിത്രത്തിലാദ്യമായി കണ്ണൂരിലെ ഇടതുകോട്ടകൾ വിറച്ചു വീഴുന്നതു കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആദ്യ റൗണ്ടുകളിൽ പിന്നിൽ പോയി. യുഡിഎഫ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ചേർന്നാൽ ഇത്രയും വോട്ട് വരില്ല. ഇടതുപക്ഷത്തെ കുറേയധികം വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി വന്നു എന്നു വ്യക്തം. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു മടങ്ങിയെത്തി. എങ്കിലും സെഞ്ചുറിയും കടന്നു മുന്നോട്ടു പോകാൻ ചോർന്നുവന്ന ഈ ഇടതുവോട്ടുകളും യുഡിഎഫിനെ സഹായിച്ചു എന്നു വേണം മനസിലാക്കാൻ.
ടീം യുഡിഎഫ്
ഇടയ്ക്കിടെ പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും യുഡിഎഫ് ഏറെക്കുറെ ഒറ്റക്കെട്ടായാണു മുന്നോട്ടു പോയത്. പ്രതിപക്ഷ നേതാവിന്റെ അതിശക്തമായ കടന്നാക്രമണങ്ങളും വെല്ലുവികളും യുഡിഎഫ് പ്രവർത്തകരിൽ ആത്മവിശ്വാസം നിറച്ചു. യുഡിഎഫ് നൂറു കടക്കുമെന്നു നാളുകൾക്കു മുന്പു തന്നെ സതീശൻ പ്രഖ്യാപിച്ചു. യുഡിഎഫ് ജയിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസം വരിക്കുമെന്നു വരെ സതീശൻ ആവർത്തിച്ചു പറഞ്ഞു. ഇതു വല്ലാത്തൊരു ആത്മവിശ്വാസം തന്നെ ആയിരുന്നു. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ച മറ്റൊരു കോണ്ഗ്രസ് നേതാവിനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഒരു സതീശൻ സ്റ്റൈൽ ഉണ്ടായിരുന്നു. അത് നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്നു.
മറ്റു നേതാക്കളുടെ പങ്കും ചെറുതല്ല. രണ്ടു വർഷം മുന്പു വയനാട്ടിൽ നടന്ന കോണ്ക്ലേവിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള അടിത്തറ പാകിയത്. അപ്രതീക്ഷിതമായ സ്ഥാനാർഥിത്വങ്ങളും തെരഞ്ഞെടുപ്പു വിജയത്തിനു കാരണമായി. ജയിച്ചു വന്ന യുവനേതാക്കളുടെ വൻനിര കേരളത്തിലെ കോണ്ഗ്രസിന്റെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്നു.
ഹൈക്കമാൻഡിൽ നിന്നുള്ള വലിയ പിന്തുണ കെ.സി. വേണുഗോപാലിന്റെ സംഭാവനയാണ്. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളും എഴുതിത്തള്ളാവുന്നതല്ല.
അടിതെറ്റിയവർ
യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോൾ മന്ത്രിമാരിൽ ഭൂരിപക്ഷവും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു. ഭരണപക്ഷത്ത് കേരള കോണ്ഗ്രസ്- എമ്മും പഴയ ജനതാദൾ- എസ് ആയ ഐഎസ്ജെഡിയും സംപൂജ്യരായി. യുഡിഎഫിലേക്കു വരാനുള്ള സാധ്യതകൾ കൊട്ടിയടച്ചതിൽ കേരള കോണ്ഗ്രസ്- എം ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. അതേസമയം കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാ പ്രാതിനിധ്യമില്ലാതിരുന്ന ആർഎസ്പിക്ക് ഇക്കുറി മൂന്നു പേരെ ജയിപ്പിക്കാൻ സാധിച്ചു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പിനെതന്നെ അപകടപ്പെടുത്തുന്ന പരാജയമാണിത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടതുഭരണമില്ലാത്ത സ്ഥിതിയായി. 1967നു ശേഷം ഇങ്ങനെയൊരു അവസ്ഥ ആദ്യമാണ്. കനത്ത പരാജയത്തെ സിപിഎം രാഷ്ട്രീയമായി എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ പാർട്ടിയുടെ ഭാവി.
ബിജെപിക്കു നേട്ടം
2016ൽ ഒരു സീറ്റ് ജയിച്ചതൊഴിച്ചാൽ ബിജെപി കേരള നിയമസഭയിൽ വട്ടപ്പൂജ്യമായിരുന്നു. ഇത്തവണ അവർ മൂന്നു സീറ്റിൽ വിജയിച്ചു. ഇതു നിസാരമല്ല. നിരവധി സീറ്റുകളിൽ അവർക്ക് മികച്ച പ്രകടനം നടത്താനും കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചതിന്റെ തുടർച്ചയായി കോർപറേഷൻ പരിധിയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും അവർ വിജയിച്ചിരിക്കുന്നു. ബിജെപിയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലയും സുരക്ഷിതമായിരിക്കുകയാണ്.