ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയത് നല്ലകാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് സർക്കാർ നിലപാട് മാറ്റിയത്.
യുവതീ പ്രവേശനത്തിൽ സിപിഎമ്മും സർക്കാരും കുറ്റസമ്മതം നടത്തി. പോലീസിന്റെ അകമ്പടിയോടെ യുവതികളെ കയറ്റെണ്ട ആവശ്യമില്ലായിരുന്നു. നിലപാട് മാറ്റില്ലെന്ന് പറയാൻ സർക്കാരിന് ധൈര്യമില്ലെന്നും സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. കെ.സുധാകരനുമായി പാർട്ടിക്ക് തർക്കമില്ല. സുധാകരനുമായി സംസാരിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
പോസ്റ്റ് അദ്ദേഹത്തിന്റേതാണെങ്കിലും കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്. കണ്ണൂരിൽ മത്സരിക്കണമെന്ന് പോസ്റ്റിൽ പറയുന്നില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും സതീശൻ വ്യക്തമാക്കി.