കല്ലൂർക്കാട്: ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേനയെത്തിയ യുവതികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കല്ലൂർക്കാട് നീറമ്പുഴ കവലയ്ക്കു സമീപമാണ് സംഘത്തെ കണ്ടത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലിസ് സ്ഥലത്തെത്തി. ചാക്കുകളിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന രീതിയിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണ ലക്ഷ്യമായിരുന്നെന്നാണ് സംശയം.
വീടുകളിലെ താമസക്കാർ ജോലിക്കും പഠനത്തിനുമായി പുറത്തു പോകുന്ന സമയത്താണ് ഇവർ വീടുകളിലെത്തുന്നത്. കാർഷിക മേഖലയിലുള്ളവരോ പ്രായാധിക്യമുള്ളവരോ ഉള്ള വീടുകളിലെ ആളുകൾ ഉച്ചമയക്കത്തിലാകുമ്പോഴാണ് വീടിനു ചുറ്റും സന്ദർശിക്കുന്നത്. വീട്ടുമുറ്റത്തും മറ്റും അടച്ചുറപ്പില്ലാതെ സൂക്ഷിക്കുന്ന പാത്രങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ഇവർ തന്ത്രപൂർവം ചാക്കിലാക്കുകയാണ് രീതി. കുട്ടികളോ വയോധികരോ തനിച്ചുള്ള വീടുകളിൽ അക്രമ സ്വഭാവവും ഇവർ കാണിക്കുന്നുണ്ട്.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. കൂത്താട്ടുകുളത്തു നിന്ന് വിറകു ശേഖരിക്കാനെത്തിയതാണെന്നും മറ്റും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്.