മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി മട്ടന്നൂരിൽ അദ്ഭുതം സംഭവിക്കുമെന്നും എൽഡിഎഫിൽ നിന്നു യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്നും ഷാഫി പറമ്പിൽ എംപി. മട്ടന്നൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റാരിപ്പറമ്പിൽ നടന്ന വാക്ക് വിത്ത് തില്ലങ്കേരി എന്ന പരിപാടിയുടെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥിയായ ചന്ദ്രൻ തില്ലങ്കേരിയോടൊപ്പം നടന്നു വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 9.45 ന് പൂവത്തിൻ കീഴിൽ നിന്നു ആരംഭിച്ച് മാനന്തേരി പോസ്റ്റ് ഓഫീസ് വരെ സ്ഥാനാർഥിയോടൊപ്പം നടന്നു കൊണ്ടാണ് ഷാഫി പറമ്പിൽ വോട്ട് അഭ്യർഥിച്ചത്. എഐസിസി സെക്രട്ടറി യു.വി. വെങ്കിടേശ്, യുഡിഎഫ് നേതാക്കളായ കാഞ്ഞരോളി രാഘവൻ, എം.കെ. കുഞ്ഞിക്കണ്ണൻ, സുരേഷ് മാവില, ഫർസിൻ മജീദ്, ഷബീർ എടയന്നൂർ, എ.കെ. സുധാകരൻ, പി. ബിജു, റഫീഖ് ചിറ്റാരിപ്പറമ്പ്, സാജൻ ചെറിയാൻ, യൂസഫ് കണ്ണവം, സുധാകരൻ നീർവേലി, പി.വി. രമേശൻ, വിനോദൻ വെള്ളുവക്കണ്ടി, പി.പി. പുരുഷോത്തമൻ, യൂസഫ് ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.