കോതമംഗലം: ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടത്തെ വിവാദ കള്ളുഷാപ്പ് മരം വീണ് തകർന്നു. ഇന്നലെ രാവിലെയാണ് ഷാപ്പ് കെട്ടിടത്തിനു മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്.
പുരയിടത്തിലെ റബർ മരങ്ങൾ ഉൾപ്പെടെയുള്ളവ വില്പനയ്ക്കായി മുറിക്കുന്നതിനിടെയാണ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണത്. കെട്ടിടത്തിന്റെ മേൽക്കൂരയും ജനാലകളും ഭിത്തികളും തകർന്നു. ഷാപ്പുടമയുടെ പരാതിയിൽ കെട്ടിട ഉടമയും മകനും ഉൾപ്പെടെ അഞ്ചുപേരുടെ പേരിൽ പോത്താനിക്കാട് പോലിസ് കേസെടുത്തു.
കെട്ടിട ഉടമയായ വയോധികനെ താമസത്തിന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുടമ വാടകയ്ക്കെടുത്തതെന്ന് പറയുന്നു. തുടർന്ന് മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുകയായിരുന്നുവത്രെ.
ഇതിനെതിരെ 35 ദിവസമായി ഷാപ്പിന് മുന്നിൽ പരിസരവാസികൾ പന്തൽ കെട്ടി സമരം നടത്തി വരികയായിരുന്നു. ഷിബു തെക്കുംപുറം എംഎൽഎയും വിവിധ സംഘടനകളും ഐക്യദാർഢ്യം അറിയിച്ച് സമരപന്തലിൽ എത്തിയിരുന്നു.