ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ പ്രധാന പ്രതിപക്ഷനേതാവ് ബ്രയാൻ മുൻഡുബിലെയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. വൈസ് പ്രസിഡന്റ് സ്ഥാനാർഥി മക്കേബി സുലു അടക്കം 17 പേർക്കെതിരേയും സമാനമായ കുറ്റം ചുമത്തിയിട്ടുണ്ട്. ആരോപണങ്ങളെ കോടതിയിൽ നിയമപരമായി നേരിടുമെന്ന് ബ്രയാന്റെ അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞ 13ന് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഹകൈൻഡെ ഹിചിലെമ രണ്ടാം വട്ടവും വിജയിച്ചിരുന്നു. ഹിചിലെമ 60 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുൻഡുബിലെ 38 ശതമാനം വോട്ടുകളാണ് കരസ്ഥമാക്കിയത്. എന്നാൽ, തെരഞ്ഞെടുപ്പുഫലത്തിൽ ക്രമക്കേട് ആരോപിച്ച പ്രതിപക്ഷം ഫലം അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇതിനു പിന്നാലെ, മുൻഡുബിലെയുടെ പാർട്ടിയായ എൻആർപിയുപി സായുധ പ്രക്ഷോഭത്തിനു പദ്ധതിയിടുകയാണെന്ന് ആരോപിച്ചാണ് അധികൃതർ നടപടിയെടുത്തത്.
തെരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസം ലുസാക്കയിലുള്ള മുൻഡുബിലെയുടെ കെട്ടിടത്തിൽ സുരക്ഷാസേന നടത്തിയ റെയ്ഡിൽ മുൻ കാബിനറ്റ് മന്ത്രി കൊല്ലപ്പെടുകയും നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ലുസാക്കയിലെ യുഎൻ ഓഫീസിൽ അഭയം തേടിയ മുൻഡുബിലെയെയും സുലുവിനെയും പ്രസിഡന്റിന്റെ സമ്മർദത്തെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച യുഎൻ അധികൃതർ പോലീസിന് കൈമാറുകയായിരുന്നു.
തെരഞ്ഞെടുപ്പുഫലത്തിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം കോടതി സമുച്ചയങ്ങൾ അടച്ചുപൂട്ടി അധികൃതർ തടഞ്ഞതായും ആരോപണമുണ്ട്. അതേസമയം, രണ്ടാം തവണയും പ്രസിഡന്റായി ഹകൈൻഡെ ഹിചിലെമ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.