അങ്ങാടിപ്പുറം: ഇന്ത്യയിലെ ഒന്നരലക്ഷം ഒന്പതാം ക്ലാസ് വിദ്യാർഥികൾക്കിടയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നടത്തിയ പരീക്ഷയിൽ സെലക്ഷൻ നേടി എൻ. സൻഹ ഫാത്തിമ.
യുവിക ബഹിരാകാശ ഗവേഷണ ക്യാന്പിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 കുട്ടികളിൽ ഒരാളായി മാറിയിരിക്കുകയാണ് സൻഹ. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ മേയ് 11 മുതൽ 22 വരെയാണ് ക്യാന്പ്. ബഹിരാകാശ ശാസ്ത്ര സാങ്കേതികവിദ്യയിൽ താത്പര്യമുള്ള കുട്ടികൾക്കുവേണ്ടി ഐഎസ്ആർഒ നടത്തുന്ന പ്രോഗ്രാമാണ് യുവിക.
ചെമ്മല എയുപി സ്കൂളിലെ അധ്യാപകരായ നീലുകാവിൽ എൻ.മുജീബ് റഹ്മാന്റെയും ടി.കെ. ഹസ്നയുടെയും മകളായ സൻഹ, പുലാമന്തോൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും സീനിയർ എസ്പിസി കേഡറ്റുമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹ്യശാസ്ത്ര കൗണ്സിലും ചേർന്നു സംഘടിപ്പിച്ച സംസ്ഥാന വാർത്തവായന ആൻഡ് എഡിറ്റിംഗ് മത്സരത്തിൽ എ ഗ്രേഡ്, സംസ്ഥാന ജൈവ വൈവിധ്യ കോണ്ഗ്രസിലെ സിംഗിൾ പ്രോജക്ടിൽ എ ഗ്രേഡ്, നാഷണൽ ലെവൽ അബാക്കസ് ഒന്നാം റാങ്കും നേടിയിട്ടുണ്ട്.
രാജലക്ഷ്മി കവിതാ പുരസ്കാരം, ജില്ലാ ബാലശാസ്ത്ര പുരസ്കാരം, പി.ടി. ഭാസ്കരപണിക്കർ സ്മാരക ട്രസ്റ്റ് ആഗോള ബാലശാസ്ത്ര പ്രതിഭാ പുരസ്കാരം എന്നിവയും എൻ. സൻഹ ഫാത്തിമ സ്വന്തമാക്കിയിട്ടുണ്ട്.