സീയൂൾ: മൃഗശാലയിൽനിന്നു ചാടിപ്പോയ ചെന്നായയുടെ വ്യാജചിത്രം നിർമിതബുദ്ധിയുടെ സഹായത്തോടെ തയാറാക്കി പ്രചരിപ്പിച്ചയാളെ ദക്ഷിണകൊറിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടിന് ദാജിയോൺ നഗരത്തിൽനിന്നു കാണാതായ ചെന്നായയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുമൂലം അവതാളത്തിലായെന്ന് അന്വേഷണസംഘം അറിയിച്ചു.
ന്യൂക്ഗു എന്നു പേരുള്ള ചെന്നായയ്ക്കായുള്ള തെരച്ചിൽ ദക്ഷിണകൊറിയയിൽ വൈറൽ വാർത്തയായിരിക്കെയാണു വ്യാജചിത്രം പുറത്തുവന്നത്. അന്വേഷണസംഘം പത്രസമ്മേളനത്തിൽ ഇതേ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
നൂറുകണക്കിന് പോലീസ്, അഗ്നിശമന സേനാംഗങ്ങൾ ചെന്നായയ്ക്കായുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. തെർമൽ ഇമേജിംഗ് ഡ്രോണുകളും ഉപയോഗിച്ചു. മൃഗശാലയ്ക്കു സമീപം കുന്നിൽ ഒളിച്ചുകഴിഞ്ഞ ചെന്നായയെ ഒന്പതു ദിവസത്തിനുശേഷമാണു കണ്ടെത്തിയത്. അന്വേഷണസംഘത്തെ കബളിപ്പിച്ച ചെന്നായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാവുകയും ഇതു സംബന്ധിച്ച വാർത്ത ദക്ഷിണകൊറിയയിലുടനീളം വൈറലാവുകയും ചെയ്തു. വ്യാജചിത്രം മൂലം അന്വേഷണസംഘത്തിന്, ഒട്ടേറെപ്പേർക്ക് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിക്കേണ്ടിവന്നു. തമാശയ്ക്കുവേണ്ടി ചിത്രം തയാറാക്കിയെന്നാണ് പിടിയിലായ വ്യക്തി പോലീസിനോടു പറഞ്ഞത്.