Kerala
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
National
അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്.
ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. തിരക്കിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
National
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രി സ്റ്റാലിനെ വെല്ലുവിളിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ചീഫ് മിനിസ്റ്റർ സർ നിങ്ങൾക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കിൽ എന്നെ എന്തും ചെയ്തോളൂ. എന്റെ നേതാക്കളെയോ പ്രവർത്തകരെയോ തൊടരുത്.
ഞാൻ വീട്ടിലോ ഓഫീസിലോ കാണും. നിർദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഞങ്ങളുടെ നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തന്റെ രാഷ്ട്രീയയാത്ര കൂടുതൽ കരുത്തോടെ തുടരുമെന്നും വിജയ് പറഞ്ഞു.
വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാൻ നാലുദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ.ശരവണൻ പറഞ്ഞു.
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കണം. കാരണം അദ്ദേഹം നിയമങ്ങൾ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണൻ പറഞ്ഞു. അതേസമയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്യുടെ വീഡിയോ സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.