വിഴിഞ്ഞം : സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞു. കോവളം മണ്ഡലത്തെ ഇളക്കിമറിച്ചുള്ള റോഡ് ഷോയോടെ ഇടതു- വലതുമുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി.
കോൺഗ്രസിലെ അഡ്വ. എം. വിൻസന്റ് അണികളെ അണിനിരത്തി ഇന്നലെ രാവിലെ വെങ്ങാനൂരിനെ ആവേശം കൊള്ളിച്ചപ്പോൾ ഇടതു സ്വതന്ത്രൻ ഭഗത്റൂഫസ് വൈകുന്നേരം മണ്ഡലം മുഴുവൻ ചുറ്റിയടിച്ചു. റോഡ് ഷോക്കുശേഷം മണ്ഡലത്തിലുടനീളം വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിനും വിൻസന്റ് സമയം കണ്ടെത്തി.
തർക്കങ്ങൾക്കു വഴിനൽകാതെ വിൻസന്റിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായപ്പോൾ മൂന്നു ദിവസത്തെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ജില്ലാ പഞ്ചായത്ത് മുൻ അംഗം ഭഗത് റൂഫസ് കോവളത്ത് എൽഡിഎഫ് സ്വതന്ത്രനായത്. ജനതാദളിന്റെ സിറ്റിംഗ് സീറ്റായ കോവളത്തിനു വേണ്ടി പിളർപ്പിലായ ജനതാദളിലെ ഇരു വിഭാഗത്തിന്റെയും കടുംപിടിത്തം മുതലാക്കിയ സിപിഎം മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്കൊടുവിലാണ് പൊതുസമ്മതൻ എന്ന പേരിൽ ഭഗത് റൂഫസിന് നറുക്കു വീണത്.
നിലവിലെ എംഎൽഎയായ എം. വിൻസന്റ് മണ്ഡലത്തിൽ സുപരിചിതനാണെങ്കിലും ലോക് താന്ത്രിക് പാർട്ടിയിൽനിന്ന് കുടം അയാളത്തിൽ മത്സരിച്ചു വിജയിച്ച് നേരത്തെ ജില്ലാ പഞ്ചായത്തംഗമായിരുന്ന ഭഗതും അത്രമോശക്കാരനല്ലെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.
ജനതാദളുകാരുടെ ആധിപത്യത്തിൽനിന്ന് മാറിയതിന്റെ ആവേശം ഇന്നലെ നടന്ന റോഡ്ഷോയിലും സിപിഎം പ്രവർത്തകർ പ്രകടമാക്കിയിരുന്നു. കല്ലിയൂർ ജംഗ്ഷനിൽനിന്നും ആരംഭിച്ച റോഡ്ഷോ മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ എത്തിയ സ്ഥാനാർഥിയെ അഭിവാദ്യം ചെയ്യാൻ വഴിയിൽ ഉടനീളം നിരവധിപേരാണ് എത്തിയത്. വെങ്ങാനൂർ, വെള്ളാർ, കോവളം, വിഴിഞ്ഞം, മുക്കോല, മുല്ലൂർ, പുളിങ്കുടി, ചപ്പാത്ത്, കൊച്ചുപള്ളി, പുതിയതുറ, പൂവാർ, പട്ടിയകാല, പരണിയം, കാഞ്ഞിരംകുളം, പയറ്റുവിള, ഉച്ചക്കട എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ ബാലരാമപുരം ജംഗ്ഷനിൽ സമാപിച്ചു. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം വമ്പിച്ച സ്വീകരണവും ഉണ്ടായിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ. സീമ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്. ഹരികുമാർ, കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, നേമം ഏരിയ സെക്രട്ടറി എ. പ്രതാപചന്ദ്രൻ, പുല്ലുവിള സ്റ്റാൻലി, പാറക്കുഴി സുരേന്ദ്രൻ, സി.കെ. സിന്ധുരാജൻ, രാധാകൃഷ്ണൻ, കരുംകുളം വിജയകുമാർ, കോളിയൂർ സുരേഷ്, തെന്നൂർ ക്കോണം ബാബു എന്നിവർ പങ്കെടുത്തു.