ഒറ്റപ്പാലം: വാണിയംകുളത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. കൂടുതകർത്ത് നായകൾ ആടിനെ കടിച്ചുകൊന്നു. മൂന്ന് ആട്ടിൻകുട്ടികളെ ഗുരുതരമായി കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
വാണിയംകുളം നോർത്ത് റോഡിൽ അബു താഹിറിന്റെ വീട്ടിൽ വളർത്തുന്ന ആടിനെയാണ് കടിച്ചുകൊന്നത്. ഇന്നലെ പുലർച്ചെയാണ് കൂടുപൊളിച്ച് ആട്ടിൻകുട്ടികളെയും ആടിനെയും ആക്രമിച്ചത്. മൂന്ന് ആടുകളും മൂന്ന് കുട്ടികളുമാണ് കൂട്ടിൽ ഉണ്ടായിരുന്നതെന്ന് അബുതാഹിർ പറഞ്ഞു.
കൂട്ടത്തോടെ വന്ന് കൂട് തകർത്ത തെരുവുനായ്ക്കൾ ആടുകളെ ആക്രമിക്കുകയായിരുന്നു. വാണിയംകുളം പഞ്ചായത്തിൽ തരുവനായ് ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം മേഖലയിൽ പശുക്കുട്ടിയെ തെരുവനായകൾ കടിച്ചു കൊന്നിരുന്നു.
ഇതിന്റെ രണ്ടുദിവസം മുമ്പാണ് അനങ്ങനടി പത്തൻകുളത്ത് 186 വളർത്തുകോഴികളെ കോഴിഫാമിൽ കയറി നായകൾ കടിച്ചു കൊന്നത്. 25 കോഴികളെ ഗുരുതരമായി കടിച്ചുപരിക്കേപ്പിക്കുകയും ചെയ്തിരുന്നു.
തെരുവുനായശല്യം പരിഹരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടികളും ഉണ്ടാകുന്നില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് വ്യാപകമായി പരാതികൾ ഉയർന്നിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടികളും ഇല്ലാത്ത സ്ഥിതിയാണ്.
പട്ടാപ്പകൽ പോലും കൂട്ടത്തോടെ തെരുവുനായ്ക്കൾ കടിപിടികൂടി നിരത്തുകളിലൂടെ നടക്കുന്നത് പതിവ് കാഴ്ചയാണ്. കുട്ടികൾക്കും പ്രായമായവർക്കും മാത്രമല്ല എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന നിലയിലാണ് തെരുവുനായ ശല്യം.
കുരച്ച് ബഹളം വെച്ച് ഇരുചക്രവാഹനങ്ങൾക്ക് പുറകെ കലി ബാധിച്ച പോലെ ഇവ ഓടുന്നതും പതിവാണ്. വാണിയംകുളം ടൗണിലും പരിസരപ്രദേശങ്ങളിലും എല്ലാം തെരുവുനായ്ക്കൾ നിരത്തുകൾ കൈയടക്കിവച്ചിരിക്കുകയാണ്.