ഇൻഡോർ: കാർ പാർക്കിംഗിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജിം ഉടമയെ വാളുകൊണ്ട് ആക്രമിച്ച് ബിജെപി നേതാവിന്റെ ബന്ധു. ഇൻഡോറിലെ എയറോഡ്രോം മേഖലയിലാണ് സംഭവം.
60 ഫീറ്റ് റോഡിൽ വച്ച് ആഷു വ്യാസ് എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആഷു വ്യാസ് കൈകൊണ്ട് വാൾ തടഞ്ഞതിനെ തുടർന്ന് ഇയാൾക്ക് പരിക്കേറ്റു. എന്നാൽ ആരോഗ്യനില തൃപ്തികരമാണ്.
ബിജെപി നേതാവ് കമലേഷ് ഖണ്ഡേൽവാളിന്റെ ബന്ധു രാകേഷ് ഖണ്ഡേൽവാളാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആഷു വ്യാസ് പോലീസിൽ പരാതി നൽകിയെങ്കിലും, സംഭവം ഒത്തുതീർപ്പാക്കാനും കേസ് രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാനും രാഷ്ട്രീയ ഇടപെടലുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവം ഗൗരവമായി എടുക്കുന്നുണ്ടെന്നും ക്രമസമാധാനം ഉറപ്പാക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.