വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്ന കപ്പലുകൾക്ക് സന്പൂർണ നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
വെനസ്വേലയിലേക്കു പോകുന്നതും അവിടെനിന്നു വരുന്നതുമായ എല്ലാ ടാങ്കറുകളും തടയാൻ ഉത്തരവ് പുറപ്പെടുവിച്ചതായി ട്രംപ് അറിയിച്ചു.
വെനസ്വേലയിലെ നിക്കോളാസ് മഡുറോ ഭരണകൂടത്തെ അമേരിക്ക തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തിയിട്ടുള്ളതാണെന്നും തീവ്രവാദം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത് എന്നിവയ്ക്കു പുറമേ മഡുറോ ഭരണകൂടം അമേരിക്കൻ ആസ്തികൾ കവർന്നെടുക്കുന്നതായും ട്രംപ് ആരോപിച്ചു.
വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ടാങ്കർ അമേരിക്കൻ സേന പിടിച്ചെടുത്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണു ട്രംപ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കേ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽപ്പട വെനസ്വേലയെ വളഞ്ഞുകഴിഞ്ഞതായി ട്രംപ് പറഞ്ഞു. മോഷ്ടിച്ച എണ്ണയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് മഡുറോ ഭരണകൂടം മയക്കുമരുന്ന് ടൂറിസം, മനുഷ്യക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൃത്യങ്ങൾ നടത്തുന്നതായും ട്രംപ് ആരോപിച്ചു.
അതേസമയം, ട്രംപിന്റെ ഭീഷണി തള്ളിക്കളയുന്നതായി വെനസ്വേല പ്രതികരിച്ചു.വെനസ്വേലയുടെ എണ്ണ കവരാനാണു ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നും ആരോപിച്ചു.