തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പൊലിസ് സ്റ്റേഷനുകൾ സജ്ജമാക്കാനുള്ള ചുമതല സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത്കുമാറിനു നൽകിയത് വിവാദമുയർത്തി. 10 വർഷത്തിലേറെ സർവീസുള്ള എസ്പിമാർ മുതൽ ഡിജിപി റാങ്ക് വരെയുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കു തെരഞ്ഞെടുത്ത 59 സ്റ്റേഷനുകളുടെ ചുമതലയാണു നൽകിയത്.
തിരുവനന്തപുരം റൂറൽ പൊലിസ് ജില്ലയിലെ വർക്കല സ്റ്റേഷന്റെ ചുമതലയായിരുന്നു എം.ആർ. അജിത്കുമാറിനു നൽകിയത്. കെഎസ്യുക്കാരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ഏതാനും നാൾ മുൻപ് അജിത്തിനെ സസ്പെൻഡ് ചെയ്തിരുന്നു. നിയമനം വിവാദമായതോടെ ഇറക്കിയ പട്ടിക സംസ്ഥാന പൊലിസ് മേധാവി പിൻവലിച്ചു.
വികസിത ഭാരതം കാഴ്ചപ്പാടോടെ മാതൃകാ പൊലിസ് സ്റ്റേഷനുകൾ വികസിപ്പിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും ഓരോ സ്റ്റേഷനുകൾ ദത്തെടുക്കണമെന്നും അതിലൂടെ ക്രമസമാധാനം മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2025ൽ ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിരുന്നത്.
ഇതേത്തുടർന്ന് നേരത്തേ മുതൽ പട്ടിക തയാറാക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണു സസ്പെൻഷനിലുള്ളവരും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയവരും പട്ടികയിൽ ഉൾപ്പെട്ടത്. ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്തയ്ക്കു തന്പാനൂരും വിജിലൻസ് മേധാവി മനോജ് ഏബ്രഹാമിനു വട്ടിയൂർക്കാവും എസ്. ശ്രീജിത്തിനു തുന്പയും നൽകി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് (എസ്. സുരേഷ്) കിളിമാനൂരും നൽകി.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവർക്കും വിരമിക്കാറായവർക്കും സ്റ്റേഷനുകളുടെ ചുമതല നൽകിയതും വിവാദമായി. തുടർന്നാണ് എസ്പിമാർ മുതൽ ഡിജിപിമാർ വരെയുള്ളവർക്ക് നൽകിയ ചുമതല പട്ടിക പിൻവലിച്ച് പൊലിസ് മേധാവി തലയൂരിയത്. പുതിയ പട്ടിക ആഭ്യന്തര വകുപ്പുമായി ആലോചിച്ച് പിന്നീട് പ്രസിദ്ധീകരിക്കും.
പൊലിസ് സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളാക്കുന്ന നടപടി നടപ്പാക്കേണ്ടതും പുരോഗതി വിലയിരുത്തേണ്ടതും ചുമതലയുള്ള ഉദ്യോഗസ്ഥരാണ്.പൊലിസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെടുന്ന പുരോഗതി റിപ്പോർട്ട് കൃത്യസമയത്ത് സമർപ്പിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിലുണ്ടായിരുന്നു.