അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം വാഹന പാർക്കിംഗ് സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് സ്വകാര്യവ്യക്തിക്ക് പാർക്കിംഗിന്റെ കരാർ ചുമതല നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പല ഭാഗത്തായാണ് വാഹന പാർക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹിക വിരുദ്ധശല്യം നടക്കുന്നത്. മദ്യപൻമാരുടെയും മറ്റ് ലഹരി വസ്തുവിൽപ്പനക്കാരുടെയും താവളമായി മാറിയിരിക്കുകയാണ് വാഹന പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങൾ. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളായ ഭക്തർക്ക് ഇവിടെ വാഹനം വയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മറ്റ് പ്രദേശത്തുനിന്നുള്ള നിരവധി യുവാക്കൾ ഇവിടെ പതിവായി തമ്പടിച്ച് ലഹരി, മദ്യ വിൽപ്പനയും ഉപയോഗവുമാണ്. ഏതാനും ദിവസം മുൻപ് ഇരട്ടക്കുളങ്ങരയിൽ വൃദ്ധയുടെ മാല കവർന്ന പ്രതി ഇവിടം കേന്ദ്രീകരിച്ചായിരുന്നു സാമൂഹിക വിരുദ്ധ പ്രവർത്തനം നടന്നത്. ക്ഷേത്രത്തിലെത്തുന്ന നിരവധി ഭക്തർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ് വാഹന പാർക്കിംഗ് കേന്ദ്രത്തിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ. പാർക്കിംഗ് ലേലത്തിനെടുത്തവരുടെ മൗനാനുവാദത്തോടെയാണ് ഇവ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നിട്ടും ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പോലീസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഭക്തരുടെ ആരോപണം.