കൊച്ചി: ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളിലും മറ്റും സഹായിക്കാന്‍ സംസ്ഥാനത്തെ 18 കോസ്റ്റല്‍ സ്റ്റേഷനുകളിൽ നിയമിച്ച കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ സേവനകാലാവധി നീട്ടി. നിലവിലുള്ള 141 വാര്ഡന്മാരുടെ സേവനം ഒരു വര്‍ഷത്തേക്കുകൂടി (2027 ജൂണ്‍ 30 വരെ) നീട്ടിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
കടലിലും മറ്റും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്ന കാര്യത്തില്‍ കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ പങ്ക് നിസ്തുലവും അനിവാര്യവുമാണെന്ന ഐജി കോസ്റ്റല്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണു നടപടി.
ഓഖി ദുരന്തത്തിനുശേഷം ദുരിതബാധിതരായ മത്സ്യബന്ധന സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും സമുദ്രസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി മത്സ്യത്തൊഴിലാളി മേഖലയില്‍നിന്നുള്ള 177 കോസ്റ്റല്‍ വാര്ഡന്മാരെ 2019ല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നു.
കേരളപോലീസ് അക്കാദമിയില്‍നിന്ന് നാലു മാസത്തെ പരിശീലനം നേടിയ ഇവര്‍ കടല്‍ പട്രോളിംഗില്‍ കോസ്റ്റല്‍ പോലീസിനെ സഹായിക്കുകയും തീരദേശ ബീറ്റുകളില്നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.