പാലക്കാട്: കാലവർഷം ദുർബലമായതോടെ പാലക്കാട്ടെ നെൽകർഷകരും നാണ്യവിള കർഷകരും കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നു. ഒന്നാംവിള നെൽകൃഷിയുടെ നിർണായകഘട്ടത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും കനാൽ ജലലഭ്യത കുറവായതുംമൂലം കൃഷിപ്പണികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ കർഷകർ ആശങ്കയിലാണ്.
വളങ്ങളുടെ വിലവർധനയും തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. സാധാരണയായി കതിരുകൾ തളിർക്കേണ്ട പാടശേഖരങ്ങൾ ഇത്തവണ മഴക്കായി കാത്തിരിക്കുകയാണ്. കിഴക്കൻമേഖലകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കുന്നില്ല.
ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ മഴ പാടങ്ങളിൽ ആവശ്യത്തിന് വെള്ളം കെട്ടിനിർത്താൻ പര്യാപ്തമല്ല.
കനാൽവെള്ളവും ലഭ്യമല്ലാത്തതിനാൽ ഞാറ്റടി തയ്യാറാക്കാനും കൃഷിയിറക്കാനുമുള്ള പ്രവർത്തനങ്ങൾ പല ഇടങ്ങളിലും മുടങ്ങി. അതേസമയം മൂപ്പെത്തിയ ഞാറ്റടികൾ യഥാസമയത്ത് പറിച്ചുനടാൻ കഴിയാതെ വന്നാൽ വിളവിനേയും ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കൃഷിയൊരുക്കം തിരിച്ചടിയോടെ
കാലാവസ്ഥാ വ്യതിയാനത്തെതുടർന്ന് പല സ്ഥലങ്ങളിലും പൊടിവിത കൃഷി പരാജയപ്പെട്ടതോടെ വീണ്ടും ഞാറ്റടി തയാറാക്കി പറിച്ചുനടേണ്ട സാഹചര്യം രൂപപ്പെട്ടു. കടം വാങ്ങിയാണ് പലരും ഒന്നാംവിള കൃഷിക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. ഇതിനിടെ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും തിരിച്ചടിയായി.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൃഷിപണികൾക്കായി പ്രയോജനപ്പെടുത്താൻ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
സമയബന്ധിതമായ സഹായം ലഭിക്കാത്തപക്ഷം ഒന്നാംവിള കൃഷി വലിയ തോതിൽ ബാധിക്കപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നാണ്യവിളകളും പ്രതിസന്ധിയിൽ
നാണ്യവിളകളും മഴക്കുറവുമൂലം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. റബർ, തെങ്ങ്, കവുങ്ങ് എന്നിവയ്ക്കും മഴക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ആവശ്യമായ മഴ ലഭിക്കാതെ വന്നാൽ തെങ്ങിന്റേയും കവുങ്ങിന്റേയും അടുത്തവർഷത്തെ കായ്ഫലത്തെ ഗുരുതരമായി ബാധിക്കും. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ പുതുകൃഷി തുടങ്ങേണ്ട സമയം കൂടിയാണ് മഴക്കാലം. മഴക്കുറവുമൂലം പലയിടത്തും പുതിയ റബർതൈകൾ നടുന്നത് നീണ്ടുപോകുന്നുണ്ട്. പുഴകളിലും ഡാമുകളിലും കുളങ്ങൾ അടക്കമുള്ള ജലസ്രോതസുകളിലും നിലവിലെ ജലത്തിന്റെ അളവ് പരിതാപകരമാണ്.
ആശങ്കയായി മഴക്കണക്കുകൾ
ജില്ലയിലെ മഴക്കണക്കുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്. കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂണ്‍ 1 മുതൽ 25 വരെ പാലക്കാട്ട് ലഭിച്ചത് 239.6 മില്ലീമീറ്റർ മഴ മാത്രമാണ്. ഇതേ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴ 371.1 മില്ലീമീറ്ററായിരുന്നു. അതായത് ജില്ലയിൽ 35 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാലക്കാടിനെ മഴക്കുറവ് വിഭാഗത്തിൽ ഉൾപ്പെടുത്തി.
സംസ്ഥാനതലത്തിൽ 33 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലക്കാട്ടെ കുറവ് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. വയനാട് (64%), ഇടുക്കി (51%) ജില്ലകൾക്കു പിന്നാലെ മൂന്നാമത്തെ മഴക്കുറവുള്ള ജില്ലയായി പാലക്കാട് മാറി. മണ്‍സൂണ്‍ ശക്തിപ്പെടാത്ത സാഹചര്യം തുടർന്നാൽ നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലയെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവാണ് ജില്ലയിലെ ജലലഭ്യതയും കാർഷിക മേഖലയുടെ ഭാവിയും നിർണയിക്കുക. മഴ കനിഞ്ഞില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ ആഴത്തിലേക്കു നീങ്ങുമെന്ന ആശങ്കയാണുയരുന്നത്.