അടൂർ: ഓണത്തോടനുബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അടൂർ ബൈപാസിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണപദാർഥങ്ങളും എണ്ണയും വീണ്ടും പിടികൂടി. കെഎഫ്സി, ഫിൽഫിൽ ഹോട്ടൽ, തബാദ്, പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ എണ്ണയും മറ്റ് ഭക്ഷണപദാർഥങ്ങളും പിടികൂടിയത്.
കറുത്തുകുറുകിയ 45 ലിറ്റർ പഴകിയ എണ്ണ, വിവിധതരം പഴകിയ ചിക്കൻ, നൂഡിൽസ്, മുട്ട, കാലാവധി കഴിഞ്ഞ കുബൂസ് എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധന ഇന്നലെ വൈകിയും തുടർന്നു. അടൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ബൈപാസ്. നെല്ലിമൂട്ടിപ്പടി മുതൽ ഹൈസ്കൂൾ ജംഗ്ഷൻവരെ നിരനിരയായി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളിലാണ് ഇവിടെ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞയാഴ്ചയും നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, മിനി, അഷ്ന, അമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജീവനക്കാരായ മാത്യൂസ്, ദിലീപ്, യോഹന്നാൻ, അനീഷ്, ജുബിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.