കൂടരഞ്ഞി : ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിലിന്റെ സമഗ്ര ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് സി.കെ. കാസിം എംഎൽഎ. കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കക്കാടംപൊയിലിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന വികസന പദ്ധതികൾ നടപ്പാക്കും. അതേസമയം, കക്കാടംപൊയിലിന്റെ ജൈവവൈവിധ്യത്തിനും പ്രകൃതിക്കും ദോഷം വരാത്ത തരത്തിലായിരിക്കും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വികസനത്തിന്റെ നേട്ടം പ്രദേശവാസികൾക്കും പ്രാദേശിക സംരംഭകർക്കും ലഭിക്കുന്ന തരത്തിലുള്ള തദ്ദേശീയ സാമ്പത്തിക വികസന മാതൃകയ്ക്കാണ് പ്രാധാന്യം നൽകുക. ഇതിന്റെ ഭാഗമായി കക്കാടംപൊയിൽ – പൂവാറംതോട് റോഡ് വികസനം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ടൂറിസം സാധ്യതകൾ ഏറെയുണ്ടെങ്കിലും റോഡ്, ഗതാഗതം, താമസ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കക്കാടംപൊയിലിന് ആവശ്യമായ ശ്രദ്ധ ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു. സെമിനാറിൽ സണ്ണി ചെമ്പാട്ട് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, ഊർങ്ങാട്ടീരി പഞ്ചായത്ത് പ്രസിഡന്റ് സജീർ, ജോർജ് കുട്ടി കക്കാടംപൊയിൽ, ടെസി സണ്ണി, ഫാ. ഡാന്റിസ് കിഴക്കരക്കാട്ട്, തങ്കച്ചൻ മാതാളിക്കുന്നേൽ എന്നിവര്‍ പ്രസംഗിച്ചു.