തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ചതിനു പിന്നാലെ പരിശോധന കർശനമാക്കുന്നു. ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി പരിശോധന നടത്താൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ, പൊലിസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ദേശീയപാതകളിൽ പരിശോധന നടത്തുക.
പരിശോധന പൂർത്തിയാക്കി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ നിർദേശം നൽകി. ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാതുകളുടെ നിലവാരം, റോഡിലെ കുഴികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിലെ വെളിച്ച സംവിധാനം എന്നിവ സംഘം പരിശോധിക്കും. കൂടാതെ പ്രതിഫലിക്കുന്ന സൂചനാ ബോർഡുകളുടെ സാന്നിധ്യം, നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിട്ടുണ്ടോ, അനധികൃത പാർക്കിംഗ്, ബാരിക്കേഡിംഗ് എന്നിവയും വിലയിരുത്തും.
സ്കൂൾ വിദ്യാർഥികൾക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിനുള്ള സംവിധാനങ്ങൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ, നിർമാണങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി എന്നിവയും പരിശോധനയുടെ ഭാഗമാകും. ആവശ്യത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം ലഭ്യമാണോയെന്നും പരിശോധിക്കും. ഇതിനുപുറമെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയും നടത്തും.
റോഡ് സുരക്ഷാ പരിശോധനകൾ നടത്താൻ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദേശം നൽകിയതായി എൽഎസ്ജിഡി അറിയിച്ചു. അനധികൃത പാർക്കിംഗിനെതിരെ പൊലിസ്, ആർടിഒ വിഭാഗങ്ങൾ സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കും. ആവശ്യമായ സാഹചര്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.