തൊടുപുഴ: വീടിനുള്ളില്‍ കുടുങ്ങിയ വയോധികയ്ക്കു രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാസേന. തൊടുപുഴ ആരവല്ലിക്കാവിനു സമീപം താമസിക്കുന്ന പുതുശേരി പാത്തുമ്മ (76) യാണ് വീട്ടില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 9.30നാണ് വയോധികയായ സ്ത്രീ വീടിനുള്ളില്‍ കുടുങ്ങിയെന്ന സന്ദേശം തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ എത്തിയത്. ഉടന്‍തന്നെ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. പാത്തുമ്മ തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
ഫയര്‍ഫോഴ്സ് സംഘം എത്തിയപ്പോള്‍ വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. അഗ്നിശമനസേന ഉടന്‍തന്നെ ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് പിന്‍വാതില്‍ ലോക്ക് ഭാഗം മാത്രം പൊളിച്ച് അകത്തുകടക്കുകയായിരുന്നു. സേനാംഗങ്ങള്‍ എത്തിയപ്പോള്‍ കട്ടിലിനു സമീപം തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു പാത്തുമ്മ. രാവിലെ എഴുന്നേറ്റപ്പോള്‍ വീണതാണെന്നു പാത്തുമ്മ സ്ഥലത്തെത്തിയവരോടു പറഞ്ഞു.
രണ്ടു മണിക്കൂറോളം ഇവര്‍ ഇതേനിലയില്‍ കിടന്നെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാത്തുമ്മയെ എഴുന്നേല്‍പ്പിച്ച് വെള്ളവും മറ്റും കൊടുത്തതോടെ ആരോഗ്യനില വീണ്ടെടുത്തു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു നഗരസഭാ കൗണ്‍സിലര്‍ ബിജി സുരേഷും പാത്തുമ്മയുടെ ബന്ധുക്കളും നന്ദി അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളായ എസ്. സുജിത് കുമാര്‍, പി.എന്‍. അനൂപ്, എസ്. ശരത്, ടി.കെ. വിവേക്, പി.ടി. ഷാജി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.