സുൽത്താൻബത്തേരി: മണിച്ചിറ ടൗൺ ജംഗ്ഷനിൽ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വാഗമരം വാഹനയാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നതായി പരാതി.
ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് മരം നിൽക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.കാലവർഷം ശക്തിപ്രാപിച്ചതോടെ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീഴുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെയും നഗരസഭയുടെയും ശ്രദ്ധയിൽ വിഷയംപ്പെടുത്തിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന തിരക്കേറിയ റോഡിന്റെ അരികിലാണ് അപകടാവസ്ഥയിലുള്ള മരം.
മരത്തിന്റെ വലിയ കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കാലവർഷം കൂടുതൽ ശക്തമാകുന്നതിന് മുമ്പ് മരത്തിന്റെ അപകടകരമായ കൊമ്പുകൾ മുറിച്ചുമാറ്റുകയോ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദുരന്തസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.