ദമാം: ജോലിയോ ഇഖാമയോ ഇല്ലാതെ നാലുവർഷത്തോളം ദുരിതത്തിലായിരുന്ന മലയാളി വനിത നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
റാന്നി സ്വദേശിയായ ഉഷ അബ്രഹാം ദീർഘകാലമായി ദമാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡേറ്റ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. നാലുവർഷം മുൻപ് ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ആദ്യം കൃത്യമായി കിട്ടിയിരുന്ന ശമ്പളം പിന്നെ സമയത്തു കിട്ടാതെയായി. പലപ്രാവശ്യം അപേക്ഷിച്ചിട്ടും ശമ്പളകുടിശിക മാസങ്ങളോളം കിട്ടാതെയായപ്പോൾ, ഉഷ ആശുപത്രി കമ്പനിക്കെതിരേ ലേബർ കോടതിയിൽ പരാതി നൽകി.
എന്നാൽ കമ്പനി കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തതോടെ, നിയമപരമായി ഉഷയ്ക്ക് ആനുകൂല്യങ്ങൾ ലഭിയ്ക്കാനുള്ള സാധ്യത ഇല്ലാതായി. ഇഖാമ കാലാവധി കഴിഞ്ഞതോടെ പുതുക്കി കിട്ടാത്തതിനാൽ, ഇഖാമ പോലുമില്ലാതെ, നാട്ടിലേക്കും മടങ്ങാനാകാതെ നാലു വർഷത്തോളം ഏറെ ബുദ്ധിമുട്ടിലായി ജീവിതം തള്ളിനീക്കി.
അങ്ങനെയിരിക്കെ നവയുഗം പ്രവർത്തകയായ മിനി ജോർജിനെ പരിചയപ്പെട്ടതാണ് ഉഷയുടെ കാര്യത്തിൽ വഴിത്തിരിവായത്. ഉഷയുടെ വിഷമാവസ്ഥ അറിഞ്ഞ മിനി, വിഷയം നവയുഗം ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചു.
നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷാജി അമ്പലത്ത്, മുഹമ്മദ് ഷിബു, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, അരുൺ ചാത്തന്നൂർ എന്നിവർ ടീം വർക്കിന്റെ ഫലമായി ലേബർ കോടതിയിലെയും ഡീപോർട്ടേഷൻ സെന്ററിലെയും നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കുകയും തടസങ്ങളൊക്കെ നീക്കി ഉഷയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചുനൽകുകയും ചെയ്തു.
എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഉഷ നാട്ടിലേക്ക് മടങ്ങി.