വണ്ടൂർ: വണ്ടൂർ മൃഗാശുപത്രിയിലെ പച്ചക്കറി വിളവെടുപ്പ് ശ്രദ്ധേയമായി. ആശുപത്രിയിലെ അറ്റൻഡർ കെ. പ്രഭാകരൻ വിള ഇറക്കിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഒന്നരമാസം മുന്പ് ആശുപത്രിയിലേക്കുള്ള വഴിയരികിലും തൊട്ടടുത്തുമായി പത്ത് സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്.
പയർ, വഴുതന, മത്തൻ, ചെരങ്ങ, കുന്പളം, വെള്ളരി, പടവലം, പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദീൻ, വാർഡംഗം ടി. ഉമ്മർകുട്ടി, ബിഡിഒ പാർവതി, ബ്ലോക്ക് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ അഞ്ജലി, കൃഷി ഓഫിസർ ടി. ഉമ്മർകോയ, വെറ്ററിനറി സർജൻ ഡോ. കെ. രാജൻ തുടങ്ങിയവർ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികൾ ലേലത്തിലൂടെ വിൽപന നടത്തി.