നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും ഇന്നു നടക്കുന്ന വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തി ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും.
തെന്നിന്ത്യയിൽ നിന്നുള്ള നിരവധി താരങ്ങൾ റിസപ്ഷനിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
ഇന്ന് വൈകുന്നേരം ആറര മുതൽ സുബ്രഹ്ണ്യം ഹാൾ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. സെപ്റ്റംബർ 13ന് താജ് കോവളത്തുവച്ച് തുടങ്ങിയ മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹാഘോഷത്തിനു ശേഷമാണ് സിനിമാ മേഖലയിലുള്ള സുഹൃത്തുക്കൾക്കും മറ്റു രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള പ്രമുഖർക്കുമായി റിസപ്ഷൻ നടത്തുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന അഭിനയരംഗത്തേക്ക് എത്തിയപ്പോൾ, അതേ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചാണ് നിമിഷ് രവിയും തന്റെ കരിയർ ആരംഭിക്കുന്നത്.
ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും എന്നാണ് സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
അഹാനയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ 'ലൂക്ക'യുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയായിരുന്നു. ടൊവിനോ തോമസും അഹാനയും തകർത്തഭിനയിച്ച ചിത്രത്തിലെ മനോഹരമായ ഫ്രെയിമുകളും വിഷ്വൽ സന്ദർഭങ്ങളും പ്രേക്ഷക പ്രശംസ നേടിയിരുന്നു.
പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി കൈനിറയെ പ്രോജക്ടുകളുമായി മുൻനിര ഛായാഗ്രാഹകനായി നിമിഷ് മാറിയപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നു.
അഹാന കൃഷ്ണയുടെ വീട്ടിലെ എല്ലാ സ്വകാര്യ ചടങ്ങുകളിലും നിറസാന്നിധ്യമാണ് നിമിഷ് രവിയും കുടുംബവും.