ഹരിപ്പാട്: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് സ്വകാര്യ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 3,70,000 രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബുവിനെ (31) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം നാലരവർഷം അധിക തടവ് അനുഭവിക്കണം.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനായ പ്രതി, കുട്ടി സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്നു. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് നൂറനാട്ടുനിന്ന് കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കായംകുളത്തേക്കു മാറ്റുകയായിരുന്നു. കായംകുളം ഇൻസ്പെക്ടറായിരുന്ന വൈ. മുഹമ്മദ് ഷാഫിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി 23 സാക്ഷികളെ ഹാജരാക്കി. സ് പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു കോടതിയിൽ ഹാജരായി. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ഉദയകുമാർ, അനില കുമാരി, കെ. ഷാഹിന, എഎസ്ഐമാരായ ആർ. റജി, ബിജു രാജ്, സിപിഒ അതുല്യ മോൾ എന്നിവരും നടപടികൾ ഏകോപിപ്പിക്കുന്നതിൽ എഎസ്ഐമാരായ വാണി പീതാംബരൻ, കെ.സി. സതീഷ്, സിപിഒ രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.