കരുവാരകുണ്ട്: കൽകുണ്ടിൽ തോട്ടംതൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. മുള്ളറ സ്വദേശി ജംഷീറാ (40) ണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകുന്പോഴാണ് കാട്ടാനയുടെ ആക്രമണ ത്തിനിരയായത്.
അതേസമയം ജംഷീറിന്റെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
കാട്ടാന ആക്രമണത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെക്കുറിച്ചും ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
വന്യമൃഗങ്ങളെ വനത്തിനുളളിൽത്തന്നെ സംരക്ഷിക്കാനുള്ള നടപടി വേണമെന്നും കർഷകർ ആശ്യപ്പെടുന്നു. വരൾച്ച ശക്തമായതിനെത്തുടർന്ന് തീറ്റയും വെള്ളവും തേടി വന്യജീവികൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലെത്തുന്നതും മലയോരജനത ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
വന്യജീവി ആക്രമണത്തിൽ കരുവാരകുണ്ട് മേഖലയിൽ തന്നെ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേറ്റ് യാതന അനുഭവിക്കുന്നവരുമുണ്ട്. ഒരു വർഷം മുന്പ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ ഇരയാക്കിയതിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല.
2021 മേയ് മാസത്തിലാണ് കരുവാരകുണ്ട് കുണ്ടോടയിൽ വീട്ടുമുറ്റത്ത് നിന്ന യുവാവിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്.വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സർക്കാരിൽനിന്ന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും ആരോപണമുണ്ട്.
കൽകുണ്ട് തോട്ടംമേഖലയിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളെ പുലികളും കടുവയും വകവരുത്തിയ സംഭവമുണ്ടായിട്ടുണ്ട്. കാട്ടാന, കടുവ, പുലി, രാജവെന്പാല അടക്കമുള്ളവ പ്രദേശത്ത് ഭീഷണിയുയർത്തുന്നു. കാട്ടാനകളെ ഭയന്ന് കരുവാരകുണ്ടിന്റെ മലയോരത്ത് ഏക്കർക്കണക്കിന് റബർതോട്ടങ്ങളാണ് ടാപ്പിംഗ് നടത്താനാകാതെ ഒഴിച്ചിട്ടിരിക്കുന്നത്.
ആനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത് തടയാൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാട്ടാനശല്യം തടയുന്നതിന് വനാതിർത്തികളിൽ സൗരോർജ വേലി നിർമാണത്തിന് കോടിക്കണക്കിന് രൂപ സർക്കാർ നീക്കിവയ്ക്കുന്നത് വനംവകുപ്പിലെ ചില ഉന്നതരും കരാർ ലോബികളും തട്ടിയെടുക്കുന്നതായും കർഷകർ ആരോപിക്കുന്നു.
കർഷകരെ തൃപ്തിപ്പെടുത്താൻ വനാതിർത്തികളിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന സൗരോർജ വേലി നിർമാണത്തിനു പിന്നാലെ കാട്ടാന നാശം വരുത്തുന്നതായും കർഷകർ കുറ്റപ്പെടുത്തുന്നു.