പാരീസ്: ഫ്രാൻസിൽ വാരാന്ത്യത്തിൽ വീണ്ടും പുതിയ പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ, അക്രമങ്ങളും കൊള്ളിവയ്പ്പുകളും തടയാൻ കർശന സുരക്ഷാ സന്നാഹങ്ങളുമായി അധികാരികൾ. രാജ്യത്ത് സമാധാനം നിലനിർത്തുന്നതിനും അക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നതിനുമായി 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യവിക്കുമെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി.
വൻ പോലീസ് സന്നാഹം
കലാപകാരികളോടും കൊള്ളക്കാരോടും യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സാധാരണ പൊലിസ് ഉദ്യോഗസ്ഥർക്ക് പുറമെ എലൈറ്റ് യൂണിറ്റുകൾ, കുതിരപ്പട്ടട, കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, വാട്ടർ കാനനുകൾ, ഡ്രോണുകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ എന്നിവയും സുരക്ഷയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്.
നിരോധനങ്ങളും കർശന നിയന്ത്രണങ്ങളും
പാരീസിലെ ചില പ്രധാന ചത്വരങ്ങളിൽ രാത്രി 11 മുതൽ രാവിലെ 6 വരെ കർഫ്യൂ തുടരും. ട്രേഡ് യൂണിയനായ സിജിടിയുടെ (CGT) നിശ്ചിത മാർച്ചുകൾക്ക് മാത്രമാണ് അധികാരികൾ അനുമതി നൽകിയിട്ടുള്ളത്. വിദ്യാർഥി യൂണിയനായ യുഎൻഇഎഫ് (UNEF), 'മഞ്ഞക്കുപ്പായക്കാർ' എന്നിവരുടെ റാലികൾ നിരോധിച്ചിട്ടുണ്ടെങ്കിലും അവർ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാഴ്സെ, ലിയോൺ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാപാരികളുടെ ആശങ്കയും തയ്യാറെടുപ്പുകളും
കഴിഞ്ഞ വാരമുണ്ടായ കനത്ത അക്രമങ്ങളിൽ നൂറുകണക്കിന് കടകളാണ് തകർക്കപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ പാരീസിലെ വ്യാപാരികൾ തങ്ങളുടെ കടകളുടെ ചില്ലുകൂട്ടുകൾക്ക് മുന്നിൽ തടസങ്ങൾ തീർത്തും, തീവയ്ക്കാനും ആയുധങ്ങളാക്കാനും സാധ്യതയുള്ള വസ്തുക്കൾ മാറ്റിയുമാണ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.
സർക്കാരുമായുള്ള ചർച്ചയും വിദ്യാർഥികളുടെ നിലപാടും
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും, വ്യക്തമായ തീരുമാനങ്ങൾ വരാത്തതിനാൽ പ്രക്ഷോഭങ്ങൾ തുടരുമെന്ന് വിദ്യാർഥി നേതാക്കൾ വ്യക്തമാക്കി. തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.