ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങൾക്ക് വർണപ്പകിട്ടേകാൻ ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശമായ നോർത്ത്ബ്രൂക്കിൽ പ്രശസ്തമായ വില്ലോ ഹിൽ ലൈറ്റ്സ് വീണ്ടും ഒരുങ്ങുന്നു. നവംബർ 13 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ആഘോഷത്തിൽ ഏകദേശം 15 ലക്ഷം എൽഇഡി വിളക്കുകളാണ് സന്ദർശകരെ വരവേൽക്കുന്നത്.
ഏകദേശം രണ്ടര മൈൽ നീളമുള്ള പ്രത്യേക പാതയിലൂടെ സ്വന്തം വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് വർണാഭമായ ക്രിസ്മസ് അലങ്കാരങ്ങളും പ്രകാശവിസ്മയങ്ങളും ആസ്വദിക്കാമെന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും വാഹനത്തിൽനിന്ന് പുറത്തിറങ്ങാതെ തന്നെ ആഘോഷങ്ങൾ ആസ്വദിക്കാം.
ഒരു വാഹനത്തിന് ഒരു ടിക്കറ്റ് മാത്രം മതിയെന്നതും പരിപാടിയുടെ പ്രത്യേകതയാണ്. ഓൺലൈനായി ടിക്കറ്റ് വാങ്ങുന്നവർക്ക് പ്രവേശനകവാടത്തിൽനിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങുന്നതിനെക്കാൾ പത്ത് ഡോളർ ലാഭിക്കാമെന്നാണ് സംഘാടകരുടെ അറിയിപ്പ്.
പ്രവേശനത്തിന് നിശ്ചിത സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ സന്ദർശകർ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ഉചിതം. പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും ക്രിസ്മസ് അവധിദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.
ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കും കുട്ടികൾക്കുമൊപ്പം ആസ്വദിക്കാവുന്ന ശൈത്യകാല വിനോദപരിപാടികളിലൊന്നാണ് വില്ലോ ഹിൽ ലൈറ്റ്സ്.
ഈ വർഷം ആറാം തവണയാണ് വില്ലോ ഹിൽ ലൈറ്റ്സ് സംഘടിപ്പിക്കുന്നത്. 400-ലധികം ചലിക്കുന്ന പ്രകാശാലങ്കാരങ്ങൾ, പ്രകാശതുരങ്കങ്ങൾ, 30 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, റുഡോൾഫ്, ഫ്രോസ്റ്റി തുടങ്ങിയ ക്രിസ്മസ് കഥാപാത്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഈ വർഷത്തെ മറ്റൊരു പ്രത്യേകതയാണ് ‘12 Nights of Giving’ എന്ന ജീവകാരുണ്യ പദ്ധതി. നവംബർ 23 മുതൽ ഡിസംബർ 10 വരെയുള്ള തെരഞ്ഞെടുത്ത 12 ദിവസങ്ങളിൽ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം വിവിധ സന്നദ്ധ സംഘടനകളെ സഹായിക്കാൻ വിനിയോഗിക്കും.
നവംബർ 13 മുതൽ 2027 ജനുവരി 3 വരെയാണ് പ്രദർശനം. ഞായർ മുതൽ വ്യാഴം വരെ വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി പത്തുവരെയും സന്ദർശകർക്ക് പ്രവേശനമുണ്ടാകും.
ഓൺലൈൻ ടിക്കറ്റ് നിരക്ക് ഒരു കാറിന് 40 ഡോളറും പ്രവേശനകവാടത്തിൽ 50 ഡോളറുമാണ്. ഡിസംബർ 14-ന് സൈനികർക്കും മുൻ സൈനികർക്കും അടിയന്തരസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കും 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
വിലാസം: Willow Hill Golf Course, 1350 Willow Road, Northbrook, Illinois 60062.